റോഡുകളുടെ ശോച്യാവസ്ഥ; അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

ആലപ്പുഴ: റോഡുകളുടെ ശോച്യാവസ്ഥ മൂലം ജില്ലയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. തകര്‍ന്നുകിടക്കുന്ന ദേശീയ-സംസ്ഥാന പാതകളും വികാസം പ്രാപിച്ചിട്ടില്ലാത്ത ഇടറോഡുകളും ചെറുതും വലുതുമായ അപകടത്തിനിടയാക്കുന്നു. പാതിരപ്പള്ളി മുതല്‍ കലവൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായും നടക്കുന്നത്. ഈ പ്രദേശങ്ങളെ പ്രത്യേക അപകട മേഖലയാക്കി തിരിച്ചിരിക്കുകയാണ്. 2014ല്‍ ജില്ലയില്‍ 2962 അപകടങ്ങളാണുണ്ടായത്. ഇതില്‍ 367 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 2192 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2015ല്‍ 1937 വാഹനാപകട കേസുകളാണ് ട്രാഫിക് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 26 പുരുഷന്മാരും 12 സ്ത്രീകളും ഉള്‍പ്പെടെ 38 പേരാണ് മരണമടഞ്ഞത്. 346 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, മദ്യപിച്ച് വാഹനം ഓടിച്ചതിന് 994 പേര്‍ക്കെതിരെയും ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വാഹനങ്ങളില്‍ സഞ്ചരിച്ചതിന് 611 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2016ല്‍ മേയ് വരെയുള്ള കണക്കുപ്രകാരം 129 അപകടങ്ങളാണ് വിവിധ ഇടങ്ങളിലായി നടന്നത്. ഇതില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അപകടം നടന്നത് തുമ്പോളി-പാതിരപ്പള്ളി എന്നിവിടങ്ങളിലാണ്. ഈ വര്‍ഷം ഇതുവരെ 11 മരണങ്ങളാണുണ്ടായത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ അപകടങ്ങളുടെ തോത് ഇനിയും ഉയരുമെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, വാഹനാപകടം കുറയ്ക്കുന്നതിനായി ഓപറേഷന്‍ ബ്ളാക് സ്പോര്‍ട്ട് ട്രാഫിക് പൊലീസ് തുടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.