ആലപ്പുഴ: ജനറല്‍ ആശുപത്രി ജങ്ഷനില്‍ ടൈലുകള്‍ പാകുന്നതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചത് തിങ്കളാഴ്ച നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഗതാഗത നിയന്ത്രണം ഏറ്റെടുക്കാന്‍ ആവശ്യത്തിന് ട്രാഫിക് പൊലീസുകാര്‍ എത്താത്തത് മൂലം മണിക്കൂറോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. രോഗികളുമായി വന്ന ആംബുലന്‍സുകള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാനായില്ല. നഗരത്തിലെ ഗതാഗത തിരക്ക് മൂലം സ്കൂളുകളിലും ഓഫിസുകളിലും വളരെ വൈകിയാണ് കുട്ടികളും ജീവനക്കാരും എത്തിയത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍, ഇടത്തരം ചെറിയ വാഹനങ്ങള്‍ എല്ലാം തന്നെ നടുറോട്ടില്‍ നിശ്ചലമായി. ശവക്കോട്ടപ്പാലം, പഴവങ്ങാടി, പിച്ചുഅയ്യാര്‍ ജങ്ഷന്‍, കല്ലുപാലം, ഇരുമ്പ് പാലം, വെള്ളക്കിണര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഇരുമ്പ് പാലത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ അധികൃതര്‍ എത്താതിരുന്നത് മൂലം വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. കല്ലുപാലം വഴി വരുന്ന വാഹനങ്ങള്‍ പടിഞ്ഞാറേക്ക് വിട്ടാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. കടുത്ത ഗതാഗതക്കുരുക്ക് മൂലം പടിഞ്ഞാറുനിന്നും വന്ന വാഹനങ്ങള്‍ ഇരുമ്പ്പാലത്തില്‍ എത്തി തിരിഞ്ഞ് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലേക്ക് പോകാനായി എത്തിയതോടെ നാലുഭാഗത്തുനിന്നും ഉള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. തുടര്‍ന്ന് ലോഡിങ്തൊഴിലാളികളും സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ചില വാഹനങ്ങള്‍ മുപ്പാലം വഴി തിരിച്ചുവിട്ടെങ്കിലും റോഡിന് വീതിക്കുറവും ഇരുവശങ്ങളിലെ അനധികൃത വാഹന പാര്‍ക്കിങും കാരണം തടസ്സം നേരിട്ടു. വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചതോടെ ചെറിയ അപകടങ്ങളും ഉണ്ടായി. കലക്ടറേറ്റ് വഴി വന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ സ്വകാര്യബസ് ജീവനക്കാര്‍ക്ക് നിസ്സാരപരിക്കേറ്റു. ന്യൂ ബസാറില്‍ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ റോഡില്‍ തെന്നിമറിഞ്ഞു. ഇവരുടെ കൈക്ക് ചെറിയ പരിക്കേറ്റു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച തിരക്ക് വൈകുന്നേരമായിട്ടും കുറഞ്ഞില്ല. ഗതാഗത തടസ്സം മൂലം സ്വകാര്യ ബസുകാര്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിഞ്ഞില്ല. ഇക്കാരണത്താല്‍ പല യാത്രക്കാരെയും പാതിവഴിയില്‍ ഇറക്കിവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.