കാര്‍ത്തികപ്പള്ളി താലൂക്കിലെ കാലവര്‍ഷക്കെടുതി: ആരോഗ്യപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷക്കെടുതികള്‍ ജനജീവിതത്തെ ബാധിച്ചു. ശനിയാഴ്ചയും ശക്തമായ മഴയും കാറ്റുമാണുണ്ടായത്. വെള്ളക്കെട്ടുകളും മാലിന്യങ്ങളുടെ ഒഴുക്കും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍, പ്രതിരോധ നടപടികള്‍ മന്ദഗതിയിലാണ്. താഴ്ന്നപ്രദേശങ്ങളായ ചെറുതന, കുമാരപുരം, കാര്‍ത്തികപ്പള്ളി, മഹാദേവികാട്, മുട്ടം, ചേപ്പാട്, ചിങ്ങോലി, കരുവാറ്റ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ദൈനംദിന ജീവിതത്തെ ബാധിച്ചു. നിരവധി വീടുകള്‍ക്കു മുന്നില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പലയിടത്തും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്നില്ല. കിണറുകളിലും വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുമുണ്ട്. കുടിവെള്ള വിതരണ പൈപ്പുകളും പലയിടത്തും പൊട്ടിക്കിടക്കുന്നു. താലൂക്ക് വികസനസമിതി യോഗം നടപടികള്‍ തുടങ്ങിയെങ്കിലും അതിന്‍െറ ഫലപ്രാപ്തിയിലത്തെിയിട്ടില്ല. ഇതിനിടെ, പനിബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഡെങ്കി, ചികുന്‍ഗുനിയ, കരിമ്പനി, എലിപ്പനി എന്നിവയുടെയും ആദ്യലക്ഷണങ്ങള്‍ വൈറല്‍ പനിയുടേതിന് തുല്യമായതിനാല്‍ പനിബാധിച്ച വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധ അതീവപ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എലിപ്പനിയാണ് വ്യാപകമാകാന്‍ സാധ്യതയുള്ള മറ്റൊരു ഗുരുതര രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിമൂത്രം കലരുകയും ഈ വെള്ളത്തിലൂടെ നടക്കുമ്പോള്‍ രോഗം പിടിപെടുകയുമാണ് പതിവ്. കാലിലും മറ്റുമുള്ള നേരിയ മുറിവുകളില്‍ കൂടി എലിപ്പനിക്ക് കാരണമായ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ബ്ളീച്ചിങ്പൗഡര്‍ വിതറുകയോ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുകയോ വേണം. അടിയന്തര സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെയോ ചതുപ്പുനിലങ്ങളിലൂടെയോ നടക്കേണ്ടിവരുമ്പോള്‍ കാല്‍മുട്ടിന് താഴെഭാഗം എണ്ണ പോലെയുള്ള ലേപനങ്ങള്‍ പുരട്ടണമെന്നും ഏറ്റവും ഫലപ്രദമായി കണ്ടത്തെിയിട്ടുള്ളത് വേപ്പെണ്ണയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിന്‍െറ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മിതവും പോഷകാഹാരപ്രദവും വേഗത്തില്‍ ദഹിക്കുന്നതുമായ ആഹാരങ്ങള്‍ ഉപയോഗിക്കണമെന്നും രോഗത്തിന്‍െറ തുടക്കത്തില്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.