ആലപ്പുഴ: നഗരസഭയുടെ ആധുനിക അറവുശാല അടച്ചിട്ടിട്ട് ആറുവര്‍ഷം പൂര്‍ത്തിയാകുന്നു. ഒന്നരക്കോടി മുതല്‍മുടക്കി 2010 ലാണ് അറവുശാല ആലപ്പുഴ വഴിച്ചേരിയില്‍ തുറന്നത്. വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നല്ളൊരു തുക ചെലവഴിക്കേണ്ടിവരും. 2010ല്‍ അന്നത്തെ നഗരസഭാ ചെയര്‍മാനായിരുന്ന പി.പി. ചിത്തരഞ്ജന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്. ആധുനിക അറവുശാല പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥലങ്ങളില്‍ നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രോജക്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ അംഗീകരിച്ചു. കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, അറവുമാലിന്യം സംസ്കരിക്കാന്‍ പ്രത്യേക പ്ളാന്‍റ് തുടങ്ങിയവ നഗരസഭാ പ്രോജക്ടില്‍ വക കൊള്ളിച്ചിരുന്നു. നഗരത്തിലെ കനാലുകളെയും പൊതുവഴികളെയും മാലിന്യമുക്തമാക്കാനും നഗരവാസികള്‍ക്ക് മികച്ച മാംസം ലഭ്യമാക്കാനുമായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആധുനിക അറവുശാലയെ നഗരവാസികള്‍ കണ്ടത്. കൊട്ടിഘോഷിച്ചാണ് അറവുശാല തുറന്നത്. 50 കാലികളെ വരെ ഒരുസമയത്ത് കശാപ്പ് ചെയ്യാനും മാലിന്യം സംസ്കരിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍, ദിവസം 150 കാലികളെ വരെ കാശാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തകരാറിലായി. ഇത് പരിഹക്കാന്‍ 35 ലക്ഷം രൂപ അധികമായി നഗരസഭക്ക് ചെലവഴിക്കേണ്ടിവന്നു. എന്നാല്‍, തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അറവുമാലിന്യം സംസ്കരിക്കാനാവാതെ നഗരസഭ വെട്ടിലായി. മാലിന്യം അറവുശാലക്ക് സമീപം കെട്ടിക്കിടക്കുകയും കനാലിലേക്കും തോട്ടിലേക്കും ഒഴുകാനും തുടങ്ങി. സംഭവം വിവാദമായതോടെ നഗരസഭ അറവുശാല അനിശ്ചിതമായി പൂട്ടിയിടാനും നിര്‍ദേശിച്ചു. അറവുശാല പൂട്ടിയതോടെ നഗരത്തില്‍ അനധികൃത അറവുകേന്ദ്രങ്ങള്‍ പെരുകി. നഗരസഭ നല്‍കുന്ന അംഗീകൃത ലൈസന്‍സ് സമ്പാദിച്ച് മാത്രമേ അറവുശാലകള്‍ പ്രവര്‍ത്തിക്കാവൂവെന്നതാണ് ചട്ടം. എന്നാല്‍, ഇതൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും നിരവധിയാണ്. തകരാറുകള്‍ പരിഹരിച്ച് അറവുശാല തുറക്കാന്‍ നടപടി ആരംഭിച്ചതായി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് പറഞ്ഞു. അറവുശാല വളപ്പില്‍ കെട്ടിക്കിടന്ന മാലിന്യം പൂര്‍ണമായും നീക്കിക്കഴിഞ്ഞു. സര്‍ക്കാറിന് 2.40 കോടിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്ളാന്‍റ് വികസനം ലക്ഷ്യമാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.