പ്രവേശനോത്സവം ഗംഭീരമാക്കാന്‍ വിരമിച്ച ദിനത്തിലും മാത്യു മാഷ് റെഡി

ആലപ്പുഴ: പ്രധാനാധ്യാപകനായി വിരമിച്ച ദിനത്തിലും പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള തിരക്കിലായിരുന്നു ചൊവ്വാഴ്ചയും കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയില്‍ പുളിയോടില്‍ വീട്ടില്‍ മാത്യു പി. തോമസ്. ജില്ലയിലെ പ്രഥമ വിദ്യാലയമായ ആലപ്പുഴ കല്ലുപാലത്തിന് സമീപത്തെ കോമ്പൗണ്ട് സി.എം.എസ് സ്കൂളിലെ പ്രധാനാധ്യാപകനായ മാഷ് ചൊവ്വാഴ്ചയാണ് വിരമിച്ചത്. ചടങ്ങുകള്‍ക്കുശേഷവും പ്രവേശനോത്സവ മുന്നൊരുക്കള്‍ക്ക് നേതൃത്വം നല്‍കി മാഷ് സ്കൂളില്‍ തുടരുകയായിരുന്നു. ഇന്ന് കുട്ടികള്‍ വീണ്ടും സ്കൂളിലേക്കത്തെുന്നതു കണ്ട് മനംനിറഞ്ഞശേഷമാണ് മാഷ് സ്കൂളിനോട് വിടപറയുക. ഭൗതിക സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്‍െറ പരാധീനതകള്‍ക്ക് കാരണമാകുന്നതായി മാത്യു മാഷ് പറയുന്നു. കുട്ടികളുടെ എണ്ണം കുറവാണെങ്കിലും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് മാഷ്. 1888ല്‍ റവ. തോമസ് നോര്‍ട്ടന്‍െറ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ മിഷനറിമാരാണ് സ്കൂള്‍ സ്ഥാപിച്ചത്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ മധ്യകേരള മഹാഇടവകയുടെ കീഴിലാണ് സ്കൂള്‍. തുടക്കകാലത്ത് ആലപ്പുഴ പട്ടണത്തിലെ ചുങ്കം, പള്ളാത്തുരുത്തി, തിരുവമ്പാടി, തോണ്ടന്‍കുളങ്ങര, സക്കരിയ ബസാര്‍, വെള്ളക്കിണര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. സ്കൂളിന്‍െറ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചു വരെ 900 വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചിരുന്നു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് മറ്റൊരു കെട്ടിടംകൂടി പണിത് അധ്യയനം നടത്തിയിരുന്നു. സ്കൂളില്‍നിന്ന് പഠിച്ച് പുറത്തിറങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ പ്രശസ്തരായിട്ടുണ്ട്. അതില്‍ ചിലരാണ് മുന്‍ മന്ത്രി ആര്‍. രാമചന്ദ്രന്‍ നായരും ടി. അബ്ദുല്ലയും. ഇപ്പോള്‍ 128ാം വയസ്സിലേക്ക് കടക്കുന്ന സ്കൂള്‍ ഇന്ന് അതിജീവനത്തിനുവേണ്ടിയുള്ള കടുത്ത മത്സരത്തിലാണ്. ആറും ഏഴും ക്ളാസുകള്‍കൂടി വന്നതും കുട്ടികളുടെ എണ്ണം വര്‍ധിച്ചതും ഒഴിച്ചാല്‍ കാര്യമായ മാറ്റങ്ങളൊന്നും സ്കൂളിന് അവകാശപ്പെടാനില്ല. എല്‍.കെ.ജി, യു,കെ.ജി മുതല്‍ നാലുവരെ കഴിഞ്ഞ വര്‍ഷം 30 കുട്ടികളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം അത് 50ഓളം പേരായി ഉയര്‍ന്നിട്ടുണ്ട്. എസ്.എസ്.എ ഒഴികെയുള്ള ഒരു സര്‍ക്കാര്‍ ഫണ്ടും സ്കൂളിന് ലഭിക്കുന്നില്ല. അതിനാല്‍ ഇക്കൊല്ലം സ്കൂളില്‍ ഒരു മിനുക്കുപണിയും നടത്താന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല. പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ സഹായവും അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളവും ഉപയോഗിച്ചാണ് ദൈനംദിന ചെലവുകള്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.