തവണക്കടവ്–വൈക്കം ഫെറിയില്‍ 16 മുതല്‍ ജങ്കാര്‍ സര്‍വിസ്

പൂച്ചാക്കല്‍: മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന തവണക്കടവ്-വൈക്കം ഫെറി ജങ്കാര്‍ സര്‍വിസ് 16ന് പുനരാരംഭിക്കും. കൊച്ചി ആസ്ഥാനമായ കൊച്ചിന്‍ സര്‍വിസ് കമ്പനിയാണ് ഒരു വര്‍ഷത്തേക്ക് സര്‍വിസ് കരാറെടുത്തത്. നാല് ലക്ഷം രൂപയാണ് കരാര്‍ തുക. ആദ്യം ഒരു ജങ്കാറാണ് സര്‍വിസ് നടത്തുക. തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ഒരു ജങ്കാര്‍ കൂടി സര്‍വിസ് നടത്തുമെന്നാണ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തും വൈക്കം നഗരസഭയും കരാറുകാരും ധാരണയിലത്തെിയത്. മൂന്നു വര്‍ഷം മുമ്പാണ് ഇവിടെ ജങ്കാര്‍ സര്‍വിസ് നിലച്ചത്. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തും വൈക്കം നഗരസഭയും ചേര്‍ന്ന് സര്‍വിസ് പുനരാരംഭിക്കാന്‍ ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജങ്കാര്‍ സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പങ്കെടുത്ത ഏജന്‍സികള്‍ മൂന്നര ലക്ഷം രൂപയാണ് പരമാവധി ടെന്‍ഡര്‍ തുക രേഖപ്പെടുത്തിയത്. ടെന്‍ഡര്‍ തുക കുറവായതിനാല്‍ അത് റദ്ദാക്കി റീടെന്‍ഡര്‍ വിളിക്കുകയായിരുന്നു. എന്നാല്‍, റീടെന്‍ഡറില്‍ ആരും പങ്കെടുക്കാതിരുന്നതോടെ ക്വട്ടേഷനിലൂടെയാണ് കൊച്ചിന്‍ സര്‍വിസിന് കരാര്‍ നല്‍കിയത്. നടപടികള്‍ക്ക് വൈക്കം നഗരസഭ ചെയര്‍മാന്‍ അനില്‍ വിശ്വാസ്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ജ സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാക്കേക്കടവ്-നേരേകടവ് ഫെറിയിലെ യാത്രാ നിരക്കായിരിക്കും തവണക്കടവ്-വെക്കം ഫെറിയില്‍ ഏര്‍പ്പെടുത്തുക. ഇരട്ട എന്‍ജിനുള്ള വലിയ ജങ്കാറാണ് സര്‍വിസിന് ഉപയോഗിക്കുക. അതേസമയം, മൂന്നു വര്‍ഷം മുമ്പ് ഇവിടെ ജങ്കാര്‍ സര്‍വിസ് നടത്തിയപ്പോള്‍ 10.30 ലക്ഷം രൂപക്കായിരുന്നു ഇപ്പോള്‍ കരാറെടുത്ത അതേ കമ്പനി സര്‍വിസ് ഏറ്റെടുത്തത്. സാമ്പത്തിക നഷ്ടം ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനി പിന്നീട് സര്‍വിസ് നിര്‍ത്തിയത്. നിലവില്‍ സമീപത്ത് മാക്കേക്കടവ്-നേരേകടവ് ഫെറി ജങ്കാര്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഇത്തവണ കരാര്‍ സംഖ്യയില്‍ കുറവ് വരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.