കൊതുകുകളുടെ കേന്ദ്രമായി കുറുമ്പില്‍ കായലും ദേശത്തോടും

തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുറുമ്പില്‍ കായലും ദേശത്തോടും കൊതുകുകളുടെ ആവാസകേന്ദ്രമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളിക്കാനും വസ്ത്രം കഴുകാനും വേനല്‍ക്കാലത്ത് കൊണ്ടല്‍കൃഷി നടത്താനും ഈ തോടുകളെയാണ് പ്രദേശവാസികള്‍ ആശ്രയിച്ചിരുന്നത്. മത്സ്യസംസ്കരണ ശാലകളും പീലിങ് ഷെഡുകളും സ്ഥാപിതമായതോടെ ഇതെല്ലാം നിലച്ചു. മത്സ്യസംസ്കരണ ശാലകളിലെയും പീലിങ് ഷെഡുകളിലേയും മത്സ്യാവശിഷ്ടങ്ങളും മലിനജലവും തോടുകളിലേക്ക് ഒഴുക്കിവിടുകയാണ്. മലിനജലം കെട്ടിക്കിടന്നാണ് കൊതുകുകള്‍ പെരുകുന്നത്. മത്സ്യാവശിഷ്ടം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും തോടുകളുടെ ആഴവും വീതിയും കുറഞ്ഞുവരുകയാണ്. മഴ പെയ്യുമ്പോള്‍ത്തന്നെ തോടുകള്‍ നിറഞ്ഞുകവിയും. സ്വകാര്യവ്യക്തികള്‍ തോടുകള്‍ കൈയേറി നികത്തുന്നതും മാലിന്യങ്ങള്‍ തോട്ടിലേക്ക് തള്ളുന്നതുമാണ് ഇതിന് പ്രധാനകാരണം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തോട് ആഴംകൂട്ടി കരിങ്കല്ല് കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.