വടുതല: വ്യവസായ എസ്റ്റേറ്റ് വികസനത്തിന് പുതിയ വഴികള്‍ തേടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഓരോ കമ്പനിയും വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് വ്യവസായികളും തൊഴിലാളികളും നടത്തുന്നത്. അരൂരില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും ഡെവലപ്മെന്‍റ് ഏരിയയും നിലവില്‍വന്നിട്ട് ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഡെവലപ്മെന്‍റ് ഏരിയ എന്ന് പേരിട്ട പ്രദേശത്തിന് കാര്യമായ വികസനം കൈവന്നിട്ടില്ളെന്ന് വ്യവസായികള്‍ പറയുന്നു. എസ്റ്റേറ്റിലേക്ക് സംസ്ഥാന പാതയില്‍നിന്ന് കടന്നുവരാന്‍ നിരവധി ഇടറോഡുകളുണ്ടെങ്കിലും ഇവയുടെ അവസ്ഥ പരിതാപകരമാണ്. മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളുമില്ല. തൊഴിലാളികള്‍ക്ക് അത്യാവശ്യം വേണ്ട കാന്‍റീന്‍ സൗകര്യങ്ങള്‍പോലും എസ്റ്റേറ്റിലില്ല. അടഞ്ഞുകിടക്കുന്നവയും പ്രവര്‍ത്തിക്കുന്നവയും ഉള്‍പ്പെടെ ചെറുതും വലുതുമായ ഇരുന്നൂറോളം വ്യവസായശാലകള്‍ അരൂരിലുണ്ടെങ്കിലും ഒരു ചുറ്റുമതിലിന്‍െറ സംരക്ഷണംപോലും വ്യവസായ എസ്റ്റേറ്റിനില്ല. ഏത് മാഫിയാസംഘത്തിനും വ്യവസായശാലകളിലേക്ക് കടന്നുചെല്ലാവുന്ന സ്ഥിതിയാണ്. കുമ്പളങ്ങി കായലിനും കൈതപ്പുഴ കായലിനും ഇടയിലാണ് എസ്റ്റേറ്റ് നിലനില്‍ക്കുന്നത്. ജലഗതാഗതത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും ഒന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇടക്കൊച്ചി പാലത്തിന്‍െറ തെക്കേക്കരയിലുള്ള ജെട്ടിയില്‍നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജങ്കാര്‍ സര്‍വിസ് നടത്തിയെങ്കിലും അത് തുടര്‍ന്നില്ല. വ്യവസായ എസ്റ്റേറ്റിനുള്ളിലേക്ക് ജലവാഹനങ്ങള്‍ക്ക് കടന്നുവരാവുന്ന ഒരു കനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനസജ്ജമായിരുന്നു. എന്നാല്‍, ഇപ്പോള്‍ മണ്ണും മാലിന്യങ്ങളുമടിഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. വ്യവസായികളല്ലാത്ത ഭൂമാഫിയകളുടെ കടന്നുകയറ്റവും എസ്റ്റേറ്റില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന വ്യവസായങ്ങളടക്കം എസ്റ്റേറ്റിലുണ്ടെങ്കിലും വ്യവസായശാലകള്‍ക്ക് അന്താരാഷ്ട്ര മുഖം നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന പരാതിയും ശക്തമാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എസ്റ്റേറ്റിനുവേണ്ട ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.