മൂവാറ്റുപുഴയില്‍ സ്കൂളുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം വരുത്തുന്നതിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. തിങ്കളാഴ്ച മൂവാറ്റുപുഴ ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗത്തിലാണ് സ്കൂളുകളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളെയും മികവിന്‍െറ കേന്ദ്രമാക്കാനുള്ള പദ്ധതികളാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നത്. പഞ്ചായത്തുകളില്‍ ഒരു സ്കൂളില്‍ കായിക പരിശീലനം ആരംഭിക്കും. ഇതിനായി സ്വന്തമായി ഗ്രൗണ്ടും ഭൗതിക സാഹചര്യവുമുള്ള സ്കൂളിനെയാണ് തെരഞ്ഞെടുക്കുക. മണ്ഡലത്തിലെ പലസര്‍ക്കാര്‍ സ്കൂളുകളുടെയും അവസ്ഥ ദയനീയമാണന്നും കഴിഞ്ഞ കാലങ്ങളിലെ ഭരണാധികാരികള്‍ ഇതിനായി വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ് സ്കൂളുകളുടെ ദുരവസ്ഥക്ക് കാരണമെന്നും എം.എല്‍.എ പറഞ്ഞു. സ്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജീര്‍ണാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കാനും നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രധാനാധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കാന്‍ നിര്‍ദേശവും നല്‍കി. ബജറ്റ് പ്രഖ്യാപനത്തിലുള്ള മണ്ഡലത്തിലെ ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചതായും എം.എല്‍.എ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന പോഷകാഹാര പദ്ധതി നടപ്പാക്കുമെന്നും ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ അവാര്‍ഡ് നല്‍കുമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. യോഗത്തില്‍ എച്ച്.എം.ഫോറം പ്രസിഡന്‍റ് സൈമണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ഡി. ഡി. ഷൈന്‍മോന്‍, റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ഹയര്‍ സെക്കണ്ടറി) മായ, ഡി.ഇ.ഒ ടി.വി.രമണി, ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍.അരുണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.