പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ മണല്‍ശേഖരം നശിക്കുന്നു

പൂച്ചാക്കല്‍: നിര്‍മാണ മേഖലയിലുള്ളവര്‍ മണല്‍ ലഭിക്കാതെ പ്രയാസപ്പെടുമ്പോള്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലക്ഷങ്ങളുടെ മണല്‍ നശിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് വേമ്പനാട്ടുകായലില്‍നിന്ന് അനധികൃതമായി ഖനനം ചെയ്ത മണലാണിത്. വള്ളങ്ങളിലും ടിപ്പര്‍ലോറികളിലും കടത്തുന്നതിനിടെ പൊലീസ് പിടികൂടി സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. ടണ്‍ കണക്കിന് മണലാണ് ആര്‍ക്കും പ്രയോജനപ്പെടാതെ കൂട്ടിയിട്ടിരിക്കുന്നത്. മണല്‍ സൈറ്റുകളില്‍നിന്ന് പിടിച്ചെടുത്ത മണലും ഇതിലുണ്ട്. മണല്‍ഖനനം നടത്തിയവര്‍ക്കെതിരെ പ്രകൃതി ധ്വംസനത്തിന് കേസ് ചാര്‍ജ് ചെയ്തിരുന്നു. ഇത്തരത്തില്‍ പൊലീസ് പിടിച്ചെടുക്കുന്ന മണല്‍ ലേലംചെയ്ത് വില്‍പന നടത്തുന്ന നടപടി ആദ്യകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പിന്നീട് കലക്ടറേറ്റില്‍ പണമടച്ച് അടി കണക്കിന് മണല്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് വാങ്ങുന്ന രീതിയും തുടര്‍ന്നിരുന്നു. ഇങ്ങനെ കൊടുത്തതിന്‍െറ ബാക്കി മണലാണ് നിലവില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലുള്ളത്. അവിടവിടെയായി കിടന്നിരുന്ന മണല്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് അടുത്തിടെ ചുറ്റുമതിലിനോടും ക്വാര്‍ട്ടേഴ്സിനോടും ചേര്‍ത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പൊലീസ് പരേഡിനും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനും മണല്‍ തടസ്സമായതാണ് ഇങ്ങനെ കൂട്ടിയിടാന്‍ ഇടയാക്കിയത്. നിര്‍മാണ മേഖലയില്‍ നിലവില്‍ പുഴമണല്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങളിലടക്കം പാറപ്പൊടിയാണ് മണലിന് പകരമായി ഉപയോഗിക്കുന്നത്. പ്രയോജനം ഇല്ലാതെ കൂട്ടിയിട്ടിരിക്കുന്ന മണല്‍ ലേലം ചെയ്ത് വില്‍ക്കുകയോ സര്‍ക്കാറിന്‍െറ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കുന്ന കരാറുകാര്‍ക്ക് വില നിശ്ചയിച്ച് കൊടുക്കുകയോ ചെയ്താല്‍ സര്‍ക്കാറിലേക്ക് ലക്ഷങ്ങള്‍ മുതല്‍ക്കൂട്ടാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.