ആലപ്പുഴ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച നഗരത്തില്‍ പണിമുടക്കി. ഇരട്ടകുളങ്ങര- മണ്ണഞ്ചേരി, ആലപ്പുഴ- കലവൂര്‍, ആലപ്പുഴ- ഇരട്ടകുളങ്ങര- പുന്നമട റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന 86 ബസുകളാണ് പണിമുടക്കിയത്. ഇതുമൂലം യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിച്ചു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് കൂടുതല്‍ വലഞ്ഞത്. ദേശീയപാതയില്‍ കുണ്ടും കുഴിയും രൂപപ്പെട്ടതുമൂലം ബസുകള്‍ കുഴിയില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നതായും അറ്റകുറ്റപ്പണികള്‍ക്ക് വലിയ തുക ചെലവാകുന്നതായും ബസുടമകള്‍ പറഞ്ഞു. മറ്റു വാഹനങ്ങള്‍ക്കും യാത്ര ദുഷ്കരമാണ്. ഇന്ധനച്ചെലവും അമിതമായി. അധികാര സ്ഥാനങ്ങളില്‍ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ളെന്നും പലപ്പോഴും ബസ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റത്തിനും അടിപിടിക്കും ഇത് കാരണമാകാറുണ്ടെന്നും ഉടമകള്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും വലിയതോതില്‍ കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍, ശോച്യാവസ്ഥ പൊതുപ്രശ്നമായി കണ്ട് അടിയന്തരമായി പരിഹരിക്കാതെ സ്വകാര്യ ബസുടമകളെ കുറ്റപ്പെടുത്താനാണ് അധികാര കേന്ദ്രങ്ങള്‍ ശ്രമിച്ചതെന്ന് അസോസിയേഷന്‍ യോഗം അഭിപ്രായപ്പെട്ടു. ദേശീയപാത നിര്‍മാണത്തില്‍ അഴിമതി ഒഴിവാക്കാനും കാര്യക്ഷമത വര്‍ധിപ്പിച്ച് ശാസ്ത്രീയമായി നിര്‍മിക്കാനും മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസിന്‍െറ സേവനം സര്‍ക്കാര്‍ ആരായണമെന്ന് യോഗം അഭ്യര്‍ഥിച്ചു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനാല്‍ സമരം തുടരാനും തീരുമാനിച്ചു. തീരദേശ റൂട്ടില്‍ ചേര്‍ത്തല- ആലപ്പുഴ സര്‍വിസ് നടത്തുന്ന ബസുകള്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച സര്‍വിസ് തുമ്പോളിയില്‍ അവസാനിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രസിഡന്‍റ് പി.ജെ. കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ സെക്രട്ടറി എസ്. നവാസ്, ഷാജി ലാല്‍, നവാസ് പറായില്‍, എസ്.എം. നാസര്‍, സത്താര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.