കായംകുളം: താലൂക്കാശുപത്രിയിലെ സ്ഥലം സ്വകാര്യവ്യക്തിക്ക് കോഫി ഷോപ്പിനായി നല്‍കിയ വിഷയത്തില്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗവും നഗരസഭാ കൗണ്‍സിലും പ്രക്ഷുബ്ധമായി. നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ചൊവ്വാഴ്ച രാവിലെ കൂടിയ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ കോഫി ഷോപ്പ് തീരുമാനം നഗരസഭാ നേതൃത്വം റദ്ദാക്കിയെങ്കിലും ഇതുസംബന്ധിച്ച അഴിമതിയാരോപണം അന്വേഷിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. സ്ഥലം നല്‍കിയതില്‍ അഴിമതിയുണ്ടെന്നും രേഖകളില്‍ കൃത്രിമം വരുത്തിയെന്നും ആരോപിച്ച് ആശുപത്രി മാനേജിങ് കമ്മിറ്റി യോഗം പ്രതിപക്ഷം ബഹിഷ്കരിക്കുകയായിരുന്നു. ഉച്ചക്കുശേഷം കൂടിയ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ഫയല്‍ മേശപുറത്ത് വെക്കണമെന്ന് പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സില്‍ ബഹളമയമായതോടെ പിരിച്ചുവിട്ടതായി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറിയെ ഉപരോധിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. താലൂക്കാശുപത്രിയുടെ സ്ഥലം സ്വകാര്യ കമ്പിനിക്കു വേണ്ടി പുറം വാതിലിലൂടെ കോഴ നടത്താന്‍ കൂട്ടുനിന്ന നഗരസഭാ ചെയര്‍മാന്‍, ആശുപത്രി സൂപ്രണ്ട്, വിവാദ കമ്പനിക്കാര്‍ എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്നാണ് യു.ഡി.എഫിന്‍െറ ആവശ്യം. കോഫി ഷോപ്പ് നല്‍കാനുള്ള തീരുമാനം റദ്ദുചെയ്യാമെന്നും അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കാമെന്നുമുള്ള ആശുപത്രി സൂപ്രണ്ടിന്‍െറയും ചെയര്‍മാന്‍െറയും നിര്‍ദേശം യു.ഡി.എഫ്-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. വിവാദവുമായി ബന്ധപ്പെട്ട ഫയലിലെ ചെയര്‍മാന്‍ നടത്തിയിട്ടുള്ള ഉത്തരവുകളും, നിര്‍ദേശങ്ങളും പുറത്താകുമെന്ന് ഭയന്നാണ് ഫയല്‍ കൗണ്‍സില്‍ മുമ്പാകെ വെക്കാന്‍ ചെയര്‍മാന്‍ കൂട്ടാക്കാത്തതെന്നും ഇവര്‍ ആരോപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. യു. മുഹമ്മദ് പ്രതിഷേധിച്ചു. വിവാദ തീരുമാനത്തിനുപിന്നിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എ. ഇര്‍ഷാദ് പറഞ്ഞു. ഇതുസംബന്ധിച്ച് ആലോചിക്കുന്നതിനായി ബുധനാഴ്ച യു.ഡി.എഫ് യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.