അരൂക്കുറ്റി ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

വടുതല: അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് അരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ഡോക്ടര്‍മാരുടെ കുറവ് നികത്തുക, സായാഹ്ന ഒ.പി ആരംഭിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എ.എം. ആരിഫ് എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ആബിദ അസീസ്, പഞ്ചായത്ത് അംഗം പി.എസ്. ബാബു എന്നിവര്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഉറപ്പ് നല്‍കിയത്. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തിവരുകയാണ്. മുന്തിയ പരിഗണന അരൂക്കുറ്റി ആശുപത്രിക്ക് നല്‍കും. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ സേവനം ലഭ്യമാകും. നിലവില്‍ ഉച്ചക്കുശേഷം ചികിത്സ ഇല്ലാത്തത് രോഗികളെ വലക്കുന്നുണ്ടെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. വൈകുന്നേരം ഏഴുവരെ ഒരു ഡോക്ടറുടെ സേവനം ഉണ്ടായിരുന്നപ്പോള്‍ നൂറോളം രോഗികള്‍ സായാഹ്ന ഒ.പിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ ഇല്ലാതെവന്നതോടെയാണ് അത് നിര്‍ത്തിയത്. പുതിയ ഡോക്ടര്‍മാരെ നിയമിച്ചതുമില്ല. കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്ക് ഉച്ചക്ക് ശേഷമോ രാത്രിയിലോ ഡോക്ടറുടെ സഹായം ഉണ്ടാകില്ല. അരൂക്കുറ്റിയില്‍ ഏഴ് ഡോക്ടര്‍മാരാണ് വേണ്ടതെങ്കിലും നാലുപേരാണുള്ളത്. മറ്റ് ജീവനക്കാരുടെ കുറവുമുണ്ട്. പ്രദേശത്ത് സ്വകാര്യ ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഈ സര്‍ക്കാര്‍ ആശുപത്രിയെ മാത്രമാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ആംബുലന്‍സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. മന്ത്രിയുടെ ഉറപ്പും സഹായ വാഗ്ദാനങ്ങളും പ്രതീക്ഷക്ക് വകനല്‍കുന്നതാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.