അന്ധകാരനഴി പൊഴി അടഞ്ഞു; വെള്ളക്കെട്ടുമൂലം ദുരിതം

അരൂര്‍: ശക്തമായ കടല്‍ കയറ്റത്തെ തുടര്‍ന്ന് അന്ധകാരനഴി പൊഴി മണ്ണടിഞ്ഞ് അടഞ്ഞു. ഇതോടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ വെള്ളക്കെട്ടുമൂലം ദുരിതത്തിലായി. കിഴക്കന്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ജൂണിലാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊഴി മുറിച്ചത്. രണ്ട് ഭാഗങ്ങളിലായി കടലും കായലും ഒന്നിക്കുന്ന തരത്തില്‍ പൊഴി മുറിഞ്ഞ് ഒഴുക്ക് സുഗമമാക്കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കടല്‍ കയറ്റമാണ് പൊഴി അടയാന്‍ കാരണമായത്. അഴിമുഖത്ത് രൂപംകൊണ്ട മണല്‍ മുഴുവനായി നീക്കംചെയ്താല്‍ മാത്രമേ പൊഴി മുറിക്കാന്‍ സാധിക്കൂവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പൊഴി അടഞ്ഞതോടെ എഴുപുന്ന, കോടംതുരുത്ത്, ചെല്ലാനം, തുറവൂര്‍, കുത്തിയതോട്, പട്ടണക്കാട് തുടങ്ങിയ പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലവീട്ടിലും ഭക്ഷണം പാകംചെയ്യാന്‍ കഴിയാത്തവിധം വീടിനുള്ളില്‍ വെള്ളം കയറി. ഗ്രാമീണ റോഡുകളും വെള്ളത്തില്‍ മുങ്ങി. കായലില്‍ മത്സ്യം കുറഞ്ഞതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. പൊഴി അടഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യമേഖലയും പ്രതിസന്ധിയിലായി. പൊഴി മുറിക്കാനുള്ള അടിയന്തര നടപടി എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.