നഗരസഭയായിട്ടും പണമില്ലാതെ ഹരിപ്പാട്; പദ്ധതികള്‍ വഴിമുട്ടി

ഹരിപ്പാട്: കൊട്ടിഘോഷിച്ച് ഹരിപ്പാട് നഗരസഭ യാഥാര്‍ഥ്യമായിട്ടും അതിനനുസൃത സാമ്പത്തികാടിത്തറ ഇല്ലാത്തത് വികസത്തെ ബാധിക്കുന്നു. പഞ്ചായത്തിന്‍െറ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും നഗരസഭ. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് ഹരിപ്പാട് നഗരസഭയായി പ്രഖ്യാപിച്ചത്. ഹരിപ്പാട് പഞ്ചായത്തിലെ 13 വാര്‍ഡുകളും പള്ളിപ്പാട്, ചിങ്ങോലി, കാര്‍ത്തികപ്പള്ളി പഞ്ചായത്തുകളിലെ 16 വാര്‍ഡുകളും ചേര്‍ത്ത് 29 വാര്‍ഡുകളുമായാണ് നഗരസഭ പിറന്നത്. ഇപ്പോള്‍ സാമ്പത്തികഞെരുക്കം മൂലം നഗരസഭ നട്ടംതിരിയുകയാണ്. നഗരസഭക്ക് സാമ്പത്തികവും ഭൗതികവുമായ അടിത്തറ തുടക്കത്തില്‍തന്നെ ഉണ്ടായിരുന്നില്ല. പഞ്ചായത്ത് മാറി നഗരസഭ എന്ന ബോര്‍ഡ് വന്നതല്ലാതെ ഒരു പ്രവര്‍ത്തനവും നടന്നില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അടിയന്തര പദ്ധതിക്ക് പണം മാറ്റിവെച്ചാല്‍ മറ്റ് വികസനം നടക്കാത്ത അവസ്ഥയാണ്. മഴക്കാലപൂര്‍വ ശുചീകരണം, സാംക്രമികരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ താളംതെറ്റി. പഴയ പഞ്ചായത്ത് ജീവനക്കാര്‍തന്നെയാണ് ഇപ്പോഴും നഗരസഭയിലുള്ളത്. പഞ്ചായത്ത് ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി. പകരം നഗരസഭക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പായില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ വിഹിതവും കേന്ദ്രഫണ്ടും നഗരസഭക്ക് ലഭിക്കുമെന്നും വന്‍ വികസനം നടക്കുമെന്നുള്ളത് പ്രചാരണത്തിലൊതുങ്ങി. നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുമെന്നും ജില്ലാ പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതലയെന്നും പ്രഖ്യാപനം ഉണ്ടായെങ്കിലും തുടര്‍ നടപടിയില്ല. നഗരാതിര്‍ത്തിയിലെ ഓടകള്‍ വൃത്തിയാക്കാനോ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനോ നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.