കടല്‍ക്ഷോഭം നേരിടാന്‍ തീരങ്ങളില്‍ കാറ്റാടി മരങ്ങള്‍ നടുന്നു

ആലപ്പുഴ: കടല്‍ക്ഷോഭത്തിന്‍െറ കെടുതികള്‍ കുറക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കി വിജയിച്ച ഹരിതതീരം പദ്ധതി വിപുലപ്പെടുത്താന്‍ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ പറഞ്ഞു. അന്നേദിവസം എല്ലാ തീരദേശ പഞ്ചായത്തുകളിലും തൈനട്ട് പദ്ധതി ആരംഭിക്കും. വാര്‍ഡ്തല സമിതിയുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗം ആയിരിക്കും. വനംവകുപ്പ് തൈകള്‍ നല്‍കുകയോ വിത്ത് എത്തിച്ചുനല്‍കുകയോ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ജില്ലാ ഭരണകൂടം പദ്ധതിയുടെ എല്ലാ ഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്യും. 16 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പദ്ധതി നടപ്പാക്കുക. കാറ്റാടി മരത്തൈകള്‍ ഉല്‍പാദിപ്പിക്കുന്നത് മുതല്‍ പരിചരണത്തിന്‍െറ ചുമതലയുള്‍പ്പെടെ തൊഴിലുറപ്പിന്‍െറ ഭാഗമാക്കും. നിലവില്‍ 40 മീറ്റര്‍ കടല്‍ത്തീരമുള്ള സ്ഥലങ്ങള്‍ കണ്ടത്തെിയാണ് കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ജൈവവേലി നിര്‍മിക്കുക. മത്സ്യത്തൊഴിലാളികളുടെ ജോലിക്കും ഉപകരണം സൂക്ഷിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും തടസ്സം വരാത്ത വിധമായിരിക്കും സ്ഥലം കണ്ടത്തെുക. കടല്‍ഭിത്തി കെട്ടുന്നതിനേക്കാള്‍ ചെലവ് കുറവും പരിസ്ഥിതി സൗഹൃദവുമാണ് എന്നതാണ് കാറ്റാടി ഉപയോഗിച്ചുള്ള ജൈവ വേലിയുടെ പ്രത്യേകത. കാറ്റാടി തൈകള്‍ ഒരുമീറ്റര്‍ അകലത്തില്‍ വെച്ചുപിടിപ്പിച്ചാല്‍ വേരുകള്‍ പരസ്പരം ബന്ധത്തെട്ട് മണ്ണൊലിപ്പ് തടയും. കാറ്റാടി ഇലകള്‍ പൊഴിഞ്ഞുവീണ് ഒരു ജൈവ ആവരണം രൂപപ്പെടുകയും മറ്റ് വൃക്ഷങ്ങള്‍ വളര്‍ന്നുവരാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യും. ജലസ്രോതസ്സുകള്‍ നന്നാവുകയും ഉപ്പുകാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ജൈവവേലി രൂപപ്പെടുത്തിയാല്‍ സ്ഥിരമായ തീരമുണ്ടാക്കുന്നതിനും അതുവഴി കടല്‍ത്തീരത്തെ സംരക്ഷിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ല നേരിട്ട സൂനാമിയുടെ കെടുതികളുടെ പശ്ചാത്തലത്തില്‍ 2008ല്‍ തീരദേശത്ത് തീരസംരക്ഷണ വനവത്കരണ പരിപാടി സോഷ്യല്‍ ഫോറസ്ട്രി വഴി നടപ്പാക്കുകയും ഹരിതതീരം പദ്ധതിവഴി ധാരാളം കാറ്റാടി മരങ്ങള്‍ തീരപ്രദേശങ്ങളില്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുതല്‍ വടക്കോട്ട് ആലപ്പുഴ ബീച്ചുവരെ പദ്ധതി നടപ്പാക്കിയിരുന്നു. ഇപ്പോഴത്തെ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിരന്തരമായി കടല്‍ക്ഷോഭം നേരിട്ടിരുന്ന ഈ പ്രദേശത്ത് കാറ്റാടിമരങ്ങള്‍ നട്ടതിനുശേഷം ഒരു ജൈവവേലി രൂപംകൊള്ളുകയും ഈ ഭാഗത്ത് കടലാക്രമണം ഇല്ലാതാവുകയും ചെയ്തതായി തീരവാസികളും മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. യോഗത്തില്‍ ഇടുക്കി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി. ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി, ബിജു പുന്നപ്ര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.