നെഹ്റു ട്രോഫി ജലമേള: മത്സര വള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിക്കും

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിച്ച് നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കലക്ടറേറ്റില്‍ ചേര്‍ന്ന എന്‍.ടി.ബി.ആര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് 50 ലക്ഷം രൂപ അധികമായി കണ്ടത്തെി നല്‍കും. സ്പോണ്‍സര്‍മാര്‍ വഴിയോ അല്ലാതെയോ ഈ തുക കണ്ടത്തെുമെന്ന് മന്ത്രി വ്യക്തമാക്കി. വള്ളംകളിയുടെ നടത്തിപ്പ്, കാണികളുടെ ഇരിപ്പിടം, മത്സര നടത്തിപ്പ്, സ്റ്റാര്‍ട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് പ്രോട്ടോക്കോള്‍ തയാറാക്കി നല്‍കാന്‍ തോമസ് ചാണ്ടി എം.എല്‍.എയെ മന്ത്രി ചുമതലപ്പെടുത്തി. സ്റ്റാര്‍ട്ടിങ്ങിന് വൈറ്റ്സോ, റെഡ്സോ സംവിധാനമായിരിക്കും ഇത്തവണയും നടത്തുക. തുടര്‍ന്ന് പബ്ളിസിറ്റി കമ്മിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി, കള്‍ചറല്‍ കമ്മിറ്റി, ഐ.ടി കമ്മിറ്റി എന്നിവയുടെ ഈ വര്‍ഷത്തെ ബജറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. മത്സരത്തിന് സ്പോണ്‍സര്‍ഷിപ് ലഭിക്കുന്നതിന് നിരവധി കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി ഡി. ബാലമുരളി അറിയിച്ചു. വള്ളംകളി മത്സരത്തിന്‍െറ ടെലികാസ്റ്റ് നിരക്ക് 10 ദിവസത്തിനകം നിശ്ചയിക്കും. ബോട്ട്റേസ് സൊസൈറ്റിയിലെ ജനറല്‍ ബോഡിയില്‍ അംഗത്വമില്ലാത്തവര്‍ സബ്കമ്മിറ്റികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യോഗത്തില്‍ ആക്ഷേപം ഉണ്ടായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കാന്‍ കലക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശം നല്‍കി. ഈ മാസം 20നുശേഷം മത്സരത്തിന്‍െറ ഹീറ്റ്സും ട്രാക്കുകളും നിശ്ചയിക്കും. അതിന് മുമ്പ് സ്റ്റാര്‍ട്ടിങ് പോയന്‍റും ഫിനിഷിങ് പോയന്‍റും ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടും. ഇതിന് ഇറിഗേഷന്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് കൂടുതല്‍ പ്രചാരണം ലഭിക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി നവമാധ്യമങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. ഓണ്‍ലൈന്‍ ടെലികാസ്റ്റിങ്ങും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തും. 1.6 കോടി ടിക്കറ്റുകളാണ് ഇത്തവണ വിതരണത്തിന് തയാറാക്കിയത്. ആലപ്പുഴയെ കൂടാതെ പത്തനംതിട്ട, എറണാകുളം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടി ടിക്കറ്റ് വില്‍ക്കും. എന്‍റര്‍ടെയ്ന്‍മെന്‍റ് ടാക്സ് ഒഴിവാക്കിയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. നെഹ്റു ട്രോഫി ജലമേളയെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ യോഗത്തില്‍ മന്ത്രി പുറത്തിറക്കി. വള്ളംകളിയെക്കുറിച്ച വിശദ വിവരങ്ങള്‍ മൊബൈലിലും ലഭിക്കും. ഗൂഗ്ളിന്‍െറ പ്ളേ സ്റ്റോറില്‍നിന്ന് NTBR, Nehru Trophy, Nehrutrophy, Nehru Trophy Boat Race എന്നീ പദങ്ങള്‍ തിരഞ്ഞാല്‍ വള്ളംകളിയുടെ ആപ്ളിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ വഴി ടിക്കറ്റ് എടുക്കാനും വൈകാതെ ഇതിലൂടെ സൗകര്യം ഒരുക്കും. ജില്ലയിലെ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍ററുമായി സഹകരിച്ച് കണ്ണൂര്‍ എന്‍.ഐ.സിയാണ് ആപ്ളിക്കേഷന്‍ തയാറാക്കിയത്. യോഗത്തില്‍ കലക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. തോമസ് ചാണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു, എന്‍.ടി.ബി.ആര്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.