പറവൂര്‍: തകര്‍ച്ച അഭിമുഖീകരിക്കുന്ന കൈത്തറി മേഖലക്ക് മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വില്‍പനനികുതി വീണ്ടും ഇരുട്ടടിയായി. 2014ല്‍ കൊണ്ടുവന്ന തീരുമാനം കൈത്തറി സംഘങ്ങള്‍, ട്രേഡ് യൂനിയന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഒരു മുന്നറിയിപ്പുമില്ലാതെ രണ്ട് വര്‍ഷത്തെ നികുതിക്കായി കൈത്തറി സംഘങ്ങളെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍. കൈത്തറി തുണിത്തരങ്ങള്‍ വില്‍പന നടത്തുന്നതിന് 2014 ഏപ്രില്‍ ഒന്ന് മുതലാണ് വില്‍പന നികുതി ഏര്‍പ്പെടുത്തിയത്. അതേവര്‍ഷം ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍, തീരുമാനത്തില്‍ കൈത്തറി മേഖലയിലെ ട്രേഡ് യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സബ്മിഷനിലൂടെ എം.എല്‍.എമാര്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തതോടെ നികുതി പിന്‍വലിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ വിശ്വസിച്ച കൈത്തറി സംഘങ്ങള്‍ പിന്നീട് ഇക്കാര്യങ്ങള്‍ അന്വേഷിച്ചതുമില്ല. അതിനിടെ, രണ്ടുവര്‍ഷത്തെ വില്‍പനനികുതിയുടെ പേരുപറഞ്ഞ് അധികൃതര്‍ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് കൈത്തറി സംഘങ്ങള്‍. സഹകരണ ബാങ്കുകളില്‍നിന്നും മറ്റും വായ്പയെടുത്ത് തൊഴിലെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കേണ്ട സാഹചര്യമാണ് കൈത്തറി മേഖലയില്‍. അതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. തകര്‍ച്ചയുടെ വക്കിലത്തെിയ മേഖലക്ക് ശരിക്കുമൊരു ഇരുട്ടടിയാണ് നടപടിയെന്ന് പറവൂര്‍ ഹാന്‍ഡ്ലൂം ക്ളസ്റ്റര്‍ ചെയര്‍മാന്‍ ടി.എസ്. ബേബി പറഞ്ഞു. വില്‍പനനികുതി ഏര്‍പ്പെടുത്തിയ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അനൂകൂല നിലപാട് സ്വീകരിക്കുമെന്നാണ് കൈത്തറി മേഖലയുടെ പ്രതീക്ഷയെന്നും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.