ആലപ്പുഴ: പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളുടെ രണ്ടു വര്‍ഷത്തെ നിജസ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ദേശീയ പട്ടികജാതി കമീഷന്‍െറ നിര്‍ദേശം. പട്ടികജാതി അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയിലത്തൊതെ പോകുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലയിലെ സിറ്റിങ്ങില്‍ കമീഷന്‍ അംഗം പി.എം. കമലമ്മ വ്യക്തമാക്കി. പട്ടികജാതിക്കാര്‍ക്ക് കോടതി വ്യവഹാരങ്ങളില്‍ ആവശ്യമായ നിയമസഹായം ഉറപ്പാക്കാന്‍ പട്ടികജാതി വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. പട്ടികജാതി വിഭാഗക്കാര്‍ക്ക് കക്കൂസ് നിര്‍മിക്കുന്നതിന് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യും. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇരയാവുന്നവര്‍ക്കുള്ള നഷ്ടപരിഹാരം യോഗ്യരായ എല്ലാവര്‍ക്കും ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. നഷ്ടപരിഹാരം നല്‍കിയതിന്‍െറ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കാനും കമീഷന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ പട്ടികജാതിക്കാരോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട് 118 കേസുകള്‍ കോടതികളിലുണ്ട്. കോടതി ഇത്തരം കേസുകള്‍ തീര്‍പ്പാക്കാനായി പ്രത്യേകസമയം മാറ്റിവെക്കുന്നുണ്ടെങ്കിലും വേഗത്തില്‍ തീര്‍പ്പാകുന്നില്ല. ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കാന്‍ ശിപാര്‍ശ നല്‍കുമെന്നും കമീഷന്‍ വ്യക്തമാക്കി. പട്ടികജാതിക്കാര്‍ക്കായുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തും. മിശ്രവിവാഹിതര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കുന്നത് ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തും. വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണവും പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണവുമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൃഷി ചെയ്യുന്നതിനുള്ള ഭൂമി ആലപ്പുഴയില്‍ ലഭ്യമല്ളെന്ന് ജില്ലാ കലക്ടര്‍ കമീഷനെ അറിയിച്ചു. ജനസാന്ദ്രതയേറിയ ജില്ലയായതാണ് ഇതിന് കാരണം. കേരളത്തില്‍ ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് ഇത്തരത്തിലുള്ള കൃഷി ഭൂമി ലഭ്യമായിട്ടുള്ളതെന്നും കമീഷന്‍ അംഗം പറഞ്ഞു. എന്നാല്‍, പട്ടികജാതിക്കാര്‍ക്ക് കൃഷി ഭൂമി ലഭ്യമല്ളെന്ന ജില്ലാ ഭരണകൂടത്തിന്‍െറ നിലപാട് പിന്നീട് പ്രതിഷധത്തിന് ഇടയാക്കി. ജില്ലാ ഭരണകൂടത്തിന്‍െറ നിലപാട് അംഗീകരിക്കരുതെന്ന് തെളിവ് നല്‍കാനത്തെിയ സംഘടനാ പ്രതിനിധികള്‍ കമീഷന്‍ അംഗത്തോട് ആവശ്യപ്പെട്ടു. ജില്ലയിലെ റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ച കമീഷന്‍ അംഗം ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. മികച്ച സൗകര്യങ്ങളും ഭക്ഷണവും ഫര്‍ണിച്ചറുകളും അറ്റകുറ്റപ്പണികളും ഹോസ്റ്റലുകളില്‍ ലഭ്യമായതായും കമീഷന്‍ വിലയിരുത്തി. പട്ടികജാതി വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഗുണഭോക്താക്കള്‍ക്ക് അത് കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് മേധാവി വി. സുരേഷ്കുമാര്‍, പട്ടികജാതി വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ എസ്. ശാരദ, കമീഷന്‍ ഡയറക്ടര്‍ പി. ഗിരിജ, എ.ഡി.എം. ടി.ആര്‍. ആസാദ്, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ വി. അനില്‍ കുമാര്‍, മുന്‍ എം.എല്‍.എ. കെ.കെ. ഷാജു, വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.