കായംകുളം: മുരുക്കുംമൂട്ടില്‍ ശുചിത്വമിഷന്‍െറ സഹകരണത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട മാലിന്യനിര്‍മാര്‍ജന പദ്ധതി അട്ടിമറിക്കാനുള്ള നഗരസഭ ഭരണക്കാരുടെ നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തുമെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. യു. മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ ചെലവഴിച്ച ശേഷം പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം നഗരത്തില്‍ വന്‍ മാലിന്യപ്രശ്നത്തിന് വഴിതെളിക്കും. നിലവിലെ മാലിന്യകേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് പരിസ്ഥിതിക്ക് യോജിച്ചവിധം പുതിയ മാലിന്യസംസ്കരണശാല സ്ഥാപിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നഗരസഭ മുന്നിട്ടിറങ്ങിയത്. നാലേക്കര്‍ സ്ഥലം ഏറ്റെടുത്ത് 80 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍ സ്ഥാപിച്ചു. വായുമലിനീകരണം തടയുന്നതിന് ഇതിന് ചുറ്റും ഗ്രീന്‍ബെല്‍റ്റ് സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ത്തിയാക്കി. ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഒൗഷധസസ്യങ്ങളടക്കമുള്ളവയാണ് ഗ്രീന്‍ബെല്‍റ്റിന്‍െറ ഭാഗമായി നട്ടുപിടിപ്പിച്ചത്. നാല് ശുചീകരണ തൊഴിലാളികളെ സ്ഥിരമായി നിയമിച്ചാണ് ഇതിന് പരിചരണം നല്‍കി വളര്‍ത്തിയെടുത്തത്. എന്നാല്‍, വെള്ളവും വളവുമടക്കം നല്‍കി സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ തൊഴിലാളികളെ പിന്‍വലിക്കുന്ന നടപടിയാണ് നഗരസഭ ആദ്യം കൈക്കൊണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിക്ക് ശുചിത്വമിഷനാണ് പണം അനുവദിച്ചത്. ഇതില്‍ 2.40 കോടി രൂപ കായംകുളം സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ നഗരസഭാ അക്കൗണ്ടില്‍ എത്തിയിട്ടുമുണ്ട്. വെര്‍മി കമ്പോസ്റ്റ്, ജൈവവള യൂനിറ്റ്, പ്ളാസ്റ്റിക് ഷ്രഡിങ്, ബയോഗ്യാസ് പ്ളാന്‍റ് എന്നിവ സ്ഥാപിക്കാനാണ് പണം അനുവദിച്ചത്. നിലവിലെ സംഭരണകേന്ദ്രത്തില്‍ തള്ളാന്‍ കഴിയാത്തതിനാല്‍ മാലിന്യം നഗരത്തിലെങ്ങും കുന്നുകൂടുകയാണ്. ഇത് മഴക്കാലത്ത് സ്ഥിതി വഷളാക്കും. സംഭരണകേന്ദ്രത്തിന് പരിസരത്തെ ചില നേതാക്കളുടെ താല്‍പര്യത്തിനുവേണ്ടി നഗരത്തെ മാലിന്യത്തില്‍ മുക്കാനുള്ള നടപടി അംഗീകരിക്കാനാവില്ല. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് രൂപം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എ. ഇര്‍ഷാദ്, കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളായ എ. ഹസന്‍കോയ, എം.എ.കെ. ആസാദ്, ഗായത്രി തമ്പാന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.