ജൈവവള കൃഷിത്തോട്ടവുമായി കലവൂര്‍ സര്‍വിസ് സഹകരണ ബാങ്ക്

മണ്ണഞ്ചേരി: കലവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി 1000 ജൈവവള കൃഷിത്തോട്ടങ്ങള്‍ നിര്‍മിക്കുന്നു. ജനങ്ങളുടെ ആരോഗ്യവും വിഷരഹിത ഭക്ഷണവും ഉറപ്പുവരുത്തുന്നതിന് ദീര്‍ഘകാല പദ്ധതിയാണ് ബാങ്ക് ആവിഷ്കരിച്ചിട്ടുള്ളത്. കൃഷി ചെയ്യുന്നതിന് വേണ്ടി കുറഞ്ഞത് അഞ്ചുസെന്‍റ് സ്ഥലമെങ്കിലും ഉള്ളവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നല്ലയിനം വിത്തുകള്‍, കപ്പക്കമ്പ്, വാഴക്കന്ന്, ജൈവവളം, സ്പ്രെയര്‍ എന്നിവ അടങ്ങിയ കിറ്റ് തെരഞ്ഞെടുക്കപ്പെടുന്ന കൃഷിക്കാര്‍ക്ക് ലഭിക്കും. ഓരോ വാര്‍ഡിലും കൃഷിക്കാര്‍ക്ക് വേണ്ടി ജൈവകീടനാശിനിയുടെ ഉല്‍പാദനവും പ്രയോഗവും സംബന്ധിച്ച വിദഗ്ധരുടെ ക്ളാസുകളും ഉണ്ടാകും. പദ്ധതിയുടെ വിജയത്തിനുവേണ്ടി ബാങ്ക് തലത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക വിദഗ്ധന്‍ ടി.എസ്. വിശ്വനാണ് പദ്ധതിയുടെ മുഖ്യഉപദേഷ്ടാവ്. പദ്ധതിയുടെ ഉദ്ഘാടനം 31ന് ഡോ. തോമസ് ഐസക് എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് കൃഷി വിദഗ്ധരുടെ ക്ളാസുകള്‍. വിത്ത് പാകുന്നത് മുതല്‍ വിളവ് എടുക്കുന്നതുവരെ കൃഷിക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിന് വാര്‍ഡുതല മോണിറ്ററിങ് കമ്മിറ്റിയുടെയും കൃഷി വിദഗ്ധരുടെയും സേവനം ലഭ്യമാണ്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും ബാങ്ക് ഷോപ്പിങ് കോംപ്ളക്സില്‍ ആഴ്ച ചന്ത തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ബാങ്കുമായോ വാര്‍ഡുതല സമിതിയുമായോ ബന്ധപ്പെടണമെന്ന് പ്രസിഡന്‍റ് വി.ടി. അജയകുമാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.