ആലപ്പുഴ: നഗരത്തിലെ തെരുവ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചുതുടങ്ങി. ജില്ലാ ഭരണകൂടം, നഗരസഭ, റവന്യൂ വകുപ്പ്, പൊലീസ് വിഭാഗങ്ങള്‍ എന്നിവ സംയുക്തമായാണ് നടപടിയാരംഭിച്ചത്. ചൊവ്വാഴ്ച തോണ്ടന്‍കുളങ്ങര മുതല്‍ ജില്ലാ കോടതി പാലത്തിന് വടക്കു കര വരെയുള്ള ഭാഗത്തായിരുന്നു പൊളിച്ചുനീക്കല്‍. കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ കടകളില്‍നിന്ന് പുറത്തേക്ക് നിര്‍മിച്ച ഇറക്കുകളും പരസ്യബോര്‍ഡുകളും ഫുട്പാത്തുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സാധനങ്ങളുമാണ് അധികൃതര്‍ നീക്കം ചെയ്തത്. 12ഓളം കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. രാവിലെ കിടങ്ങാംപറമ്പ് സ്റ്റാച്യൂവിന് സമീപത്തുനിന്നാണ് നടപടി തുടങ്ങിയത്. സി.പി.ഐ ഓഫിസിനു മുമ്പിലടക്കം നടത്തിയ ഒഴിപ്പിക്കല്‍ പ്രതിഷേധത്തിനും വാക്തര്‍ക്കത്തിനും ഇടയാക്കി. ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ രണ്ടു കച്ചവടക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചശേഷം വിട്ടയച്ചു. കൈയേറ്റങ്ങള്‍ 19 മുതല്‍ നീക്കം ചെയ്യുമെന്ന് കലക്ടര്‍ നേരത്തേ അറിയിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ഇത്തരത്തിലുള്ള കച്ചവടങ്ങളും നിര്‍മിതികളും ഒഴിവാക്കണമെന്ന് കാട്ടി നഗരസഭാ അധികൃതര്‍ നോട്ടീസും നല്‍കിയിരുന്നു. ഇതിനുശേഷവും പിന്മാറാന്‍ തയാറാകാത്തതോടെയാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് നീങ്ങിയത്. വ്യാപാരികള്‍ക്ക് ഇവ നീക്കംചെയ്യാന്‍ ഇന്നലെ രാവിലെയും കുറച്ചുസമയം അധികൃതര്‍ അനുവദിച്ചിരുന്നു എസ്.ഡി.വി സ്കൂളുകള്‍ക്ക് മുന്നില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഫുട്പാത്ത് കൈയേറി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഒഴിപ്പിക്കലുമായി അധികൃതര്‍ എത്തിയതോടെ മാറ്റിയിരുന്നു. ജില്ലാ കോടതി പാലത്തിന് വടക്കെ കരയില്‍ പടിഞ്ഞാറെ വശത്തെ കടകളില്‍നിന്ന് ഫുട്പാത്തിലേക്ക് സാധനങ്ങള്‍ ഇറക്കിവെക്കുന്നതിനായി നിര്‍മിച്ച ഇറക്കുകളും അധികൃതരുടെ നിര്‍ദേശാനുസരണം നീക്കം ചെയ്തു. ഇതോടൊപ്പം ഇവിടെ അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനവും അധികൃതര്‍ അവസാനിപ്പിച്ചു. ഇവിടെ ഫുട്പാത്ത് പൂര്‍ണമായും കൈയേറ്റക്കാരുടെ പിടിയിലായിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ ഫുട്പാത്തിന് മുകളിലേക്ക് നിര്‍മിച്ച അനധികൃത ഇറക്കുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നഗരസഭ ജീവനക്കാര്‍ നീക്കം ചെയ്യുകയായിരുന്നു. ചില സ്ഥാപനങ്ങളുടെ മുന്നിലെ ഇറക്കുകള്‍ നീക്കം ചെയ്യുന്നതിനെച്ചൊല്ലി അധികൃതരും വ്യാപാരികളും തമ്മില്‍ നേരിയ തര്‍ക്കമുണ്ടായി. അതേസമയം വഴി യോരത്ത് വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി നടപ്പാക്കിയിട്ടില്ല. 15 ദിവസത്തെ നോട്ടീസ് നല്‍കി വേണം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എന്ന ഹൈകോടതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് വാഹനങ്ങളില്‍ മറ്റും കച്ചവടം നടത്തുന്നവര്‍ക്കെതിരായ നടപടി നീട്ടിവെച്ചത്. ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്നും തുടരും. മുല്ലക്കല്‍ തെരുവില്‍ സീറോ ജങ്ഷന്‍ വരെയുള്ള ഭാഗത്തായിരിക്കും ഇന്ന് ഒഴിപ്പിക്കല്‍. സബ് കലക്ടര്‍ ബാലമുരളിയാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ റാബിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എന്‍ജിനീയറിങ് വിഭാഗത്തിലെ ഷാജി, പൗലോസ് എന്നിവരാണ് നഗരസഭയില്‍നിന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.