ചാരുംമൂട്: വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച് ടിപ്പറുകളും സ്വകാര്യ ബസുകളും ചീറിപ്പായുന്നതായി പരാതി. കായംകുളം-പുനലൂര്‍ റോഡിലും കൊല്ലം-തേനി ദേശീയപാതയിലുമാണ് ടിപ്പറുകളും സ്വകാര്യബസുകളും വേഗപ്പൂട്ടുകള്‍ അഴിച്ചുവെച്ച് സര്‍വിസ് നടത്തുന്നത്. ദിനേന 150 ല്‍പ്പരം സ്വകാര്യബസുകളും നൂറുകണക്കിന് ടിപ്പറുകളും ഈ റോഡുകളിലൂടെ സര്‍വിസ് നടത്തുന്നുണ്ട്. മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും വേഗപ്പൂട്ടുകള്‍ ഉണ്ടെങ്കിലും വിച്ഛേദിക്കപ്പെട്ട നിലയിലാണെന്ന് കണ്ടത്തെിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞും ആ സ്ഥിതിതന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സ്കൂള്‍ സമയങ്ങളില്‍ രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3.30 മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ ഓടരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണ് ഈ മേഖലയിലെ വിവിധ റോഡുകളില്‍ ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. ഈ സമയം നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കാല്‍നടയായും സൈക്ക്ളിലും കടന്നുപോകുന്നത്. മാത്രമല്ല, അമിത ലോഡുമായി എത്തുന്ന ടിപ്പറുകളില്‍നിന്ന് മണ്ണും കല്ലും വീണ് അപകടങ്ങള്‍ ഉണ്ടാക്കുന്നു. അനധികൃത മണ്ണ് ഖനനം വ്യാപകമായതോടെയാണ് ടിപ്പറുകള്‍ അമിതവേഗത്തില്‍ പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ക്ക് ദിശാസൂചക ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും പ്രവര്‍ത്തിക്കാത്ത നിലയിലുമാണ്. എന്നാല്‍, ഇവ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം അധികാരികള്‍ പരിശോധന നടത്തും. നിരോധിത സമയങ്ങളില്‍ ഓടുന്ന ടിപ്പറുകള്‍ക്കെതിരെയും വേഗപ്പൂട്ടുകള്‍ അഴിച്ചുവെച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.