ചിട്ടിക്കമ്പനിയുടെ പേരില്‍ തട്ടിപ്പ്; വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ഹരിപ്പാട്: ചിട്ടിക്കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കുമാരപുരം തറയില്‍ തെക്കതില്‍ രതീഷിന്‍െറ ഭാര്യ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശ്ശേരില്‍ കിഴക്കതില്‍ സരസമ്മയുടെ മകള്‍ സുനിത കുമാരി (25), കുമാരപുരം ശ്രീരംഗത്ത് സുധാകരന്‍െറ മകന്‍ ശ്രീകുമാര്‍ എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കുമാരപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം ഫെഡറേഷന്‍ എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്‍െറ പേരിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്‍െറ പേരില്‍ ഓരോ പ്രദേശങ്ങളിലായി കുറഞ്ഞത് 10 പേര്‍ അടങ്ങുന്ന നിരവധി ഗ്രൂപ്പുകള്‍ ഉണ്ടാക്കി. അംഗങ്ങളില്‍നിന്ന് സ്വയം തൊഴിലിന് വന്‍ തുക വായ്പ നല്‍കാമെന്ന് ധരിപ്പിച്ച് രജിസ്ടേഷന്‍ ഫീസ് ഇനത്തില്‍ 1000രൂപ വീതം കൈപ്പറ്റുകയായിരുന്നെന്നാണ് പരാതി. സ്ഥാപനത്തിന്‍െറ പേരില്‍ ഹരിപ്പാട്, മാവേലിക്കര, ചെന്നിത്തല ഭാഗങ്ങളിലെ ഏകദേശം 80ഗ്രൂപ്പുകളില്‍നിന്നായി രണ്ടായിരത്തോളം സ്ത്രീകളില്‍നിന്ന് ഇങ്ങനെ പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വായ്പ ലഭിക്കാതായതോടെ പണം നല്‍കിയ സ്ത്രീകള്‍ പിരിവിന് എത്തിയ സ്ത്രീയെ ഫോണില്‍ ബന്ധപ്പെടുകയും പിന്നീട് തടഞ്ഞുവെക്കുകയും ചെയ്തു. പൊലീസ് എത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഹരിപ്പാട് പൊലീസ് പ്രതികളുടെ വീടുകളിലും സ്ഥാപനത്തിലും പരിശോധന നടത്തി. പണപ്പിരിവ് നടത്തിയതിന്‍െറയും ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ രേഖകളും കണ്ടത്തെിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ എം.കെ. രാജേഷ്, എ.എസ്.ഐ മാരായ സാബു, സുജിത്ത്, തങ്കരാജ്, ശിവപ്രസാദ്, അജയകുമാര്‍, വനിതാ പൊലീസുകാരായ ലതി, ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പരിശോധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.