ചേര്‍ത്തല: ഭരണ നേതൃത്വത്തില്‍ ആരായാലും പ്രശ്നമല്ല, തുടക്കം കുറിച്ചവരാരോ അവര്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണം. നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മാണത്തിലാണ് ഈ വ്യത്യസ്ത നിലപാട് പ്രകടമായി കാണുന്നത്. ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെങ്കിലും പാലം പണിതുതരേണ്ടത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് ശിലാസ്ഥാപനം നടത്തിയ എ.കെ. ആന്‍റണിയാണെന്നാണ് ഒരു വിഭാഗത്തിന്‍െറ വാദം. പാലത്തിന് ശിലയിട്ട എ.കെ. ആന്‍റണിയുടെ പേരും ശിലയുടെ ചിത്രവും ഉള്‍പ്പെടുത്തി പാലംപണി പൂര്‍ത്തിയാക്കാത്തതില്‍ ഗ്രാമത്തിലെ പ്രധാന ജങ്ഷനില്‍ ഫ്ളക്സ് ബോര്‍ഡ് പ്രതിഷേധം. വിളക്കുമരം പാലത്തിന്‍െറ 11ാം ചരമദിനം എന്നെഴുതി പ്രദേശത്തെ സ്വാശ്രയസംഘത്തിന്‍െറ പേരിലാണ് ഫ്ളക്സ് ബോര്‍ഡ് വെച്ചിട്ടുള്ളത്. ഒരുവര്‍ഷം മുമ്പ് ബി.ജെ.പിയും പാലം പണി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്‍റണിയുടെ ചേര്‍ത്തലയിലെ വസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. സര്‍ക്കാറിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് രാഷ്ടീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇവിടെ സ്വീകരിക്കുന്നത്. 11 വര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്. അന്ന് 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന ലക്ഷ്യത്തിലാണ് പ്രാഥമിക നടപടിക്രമങ്ങള്‍ക്ക് എ.കെ. ആന്‍റണി ഫണ്ട് അനുവദിച്ച് പണി തുടങ്ങിയത്. എന്നാല്‍, താമസിയാതെ ഭരണമാറ്റം ഉണ്ടായതിനാല്‍ ആന്‍റണിക്ക് തുടര്‍നടപടികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുവന്ന സര്‍ക്കാര്‍ പാലം പണി വീണ്ടും തുടങ്ങിയെങ്കിലും പാലത്തിന്‍െറ ദിശമാറ്റേണ്ടിവരുകയും ഇതിനായി പ്ളാനില്‍ മാറ്റം വന്നതുമൂലം ഫണ്ട് കുറവായതിനാല്‍ പണി മുടങ്ങുകയുമായിരുന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാറും പാലത്തിന് ഫണ്ട് വര്‍ധിപ്പിച്ചതല്ലാതെ പൂര്‍ണതയിലത്തെിക്കാന്‍ ശ്രമിച്ചില്ല. 5.5 കോടി ബജറ്റില്‍ ആരംഭിച്ച പാലം പണി പലഘട്ടങ്ങളിലായി തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ 25 കോടിയിലത്തെി. ഇതില്‍ രണ്ടുകോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 2005ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് ഒരു തൂണും 50 മീറ്ററോളം മണല്‍ചിറയുമാണ് നിര്‍മിച്ചിട്ടുള്ളത്. പാലം പണിയുടെ കാര്യത്തില്‍ ജനപ്രതിനിധികള്‍ താല്‍പര്യം കാട്ടുന്നില്ളെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്. ആരംഭകാലത്ത് പാലം ചേര്‍ത്തല അസംബ്ളി മണ്ഡത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. മണ്ഡലവികസനം വന്നപ്പോള്‍ വിളക്കുമരം ഭാഗം അരൂര്‍ മണ്ഡലത്തിലായി. പാലം രണ്ടു മണ്ഡലത്തിലായപ്പോള്‍ രണ്ട് ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനത്താല്‍ പണി വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിച്ച നാട്ടുകാര്‍ ഇപ്പോള്‍ നിരാശയിലാണ്. രണ്ട് ജനപ്രതിനിധികളും പാലത്തിന്‍െറ കാര്യത്തില്‍ ഉദാസീനത കാട്ടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.