കുടിയിറക്കപ്പെട്ട ദലിത് വയോധികന്‍ പെരുവഴിയിലായി

ചാരുംമൂട്: കെ.ഐ.പി കനാല്‍ പുറമ്പോക്കിലെ കുടില്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റി. ദലിതനായ 80കാരന് കിടപ്പാടം നഷ്ടമായി. പാലമേല്‍ പഞ്ചായത്ത് മാമൂട് വാര്‍ഡില്‍ കനാല്‍ പുറമ്പോക്കില്‍ വര്‍ഷങ്ങളായി ഒറ്റക്ക് താമസിച്ചിരുന്ന നാരായണന്‍െറ കുടിലാണ് ചാരുംമൂട് കെ.ഐ.പി ഓഫിസില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയത്. ബുധനാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും നാരായണനും ചേര്‍ന്ന് കുടിലിന്‍െറ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. കനാല്‍ പുറമ്പോക്കില്‍ രണ്ട് കുടിലാണ് ഉള്ളത്. നാരായണന്‍െറയും മറ്റൊന്ന് ജനാര്‍ദനന്‍േറതുമാണ്. ഇവര്‍ക്കെതിരെ സമീപവാസികള്‍ കെ.ഐ.പി ഓഫിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2015 മുതല്‍ കുടില്‍ പൊളിക്കണമെന്ന് കാണിച്ച് പലതവണ നോട്ടീസ് നല്‍കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ജനുവരി ഏഴിന് കെ.ഐ.പി ഉദ്യോഗസ്ഥര്‍ കുടിലുകള്‍ പൊളിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, മാനുഷിക പരിഗണനയുടെ പേരില്‍ മൂന്നുദിവസത്തെ സമയം കൂടി നല്‍കി. ഈ ദിവസങ്ങളിലും കുടിലുകള്‍ പൊളിച്ചുമാറ്റിയില്ല. ഇതിനിടെ, ജനാര്‍ദനന്‍ കോടതിയെ സമീപിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് ബുധനാഴ്ച ഉദ്യോഗസ്ഥര്‍ എത്തി കുടില്‍ പൊളിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിയിലായിരുന്ന നാരായണന്‍ കുടില്‍ പൊളിച്ചുകഴിഞ്ഞാണ് സ്ഥലത്ത് എത്തിയത്. രണ്ട് കുടിലുകള്‍ ഉള്ളിടത്ത് ഒരെണ്ണം മാത്രം പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പൊളിച്ച കുടിലിന്‍െറ സാധനങ്ങള്‍ കെ.ഐ.പി ഓഫിസിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞു. നൂറനാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കുടിലില്‍ ഉണ്ടായിരുന്ന അരിയും മറ്റുസാധനങ്ങളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതായും പണം നഷ്ടപ്പെട്ടതായും നാരായണന്‍ പറയുന്നു. തനിച്ച് താമസിച്ചിരുന്ന നാരായണന്‍ ഇപ്പോള്‍ തെരുവിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.