റാണി കായലില്‍ ഇത്തവണയും നെല്‍കൃഷിയില്ല

ആലപ്പുഴ: റാണി കായലിലെ നെല്‍കര്‍ഷകരുടെ കണ്ണീരിന് ശമനമില്ല. നെല്‍കൃഷി ഇത്തവണയും ആരംഭിക്കാന്‍ കഴിയാത്തതോടെ കര്‍ഷകര്‍ നിരാശയിലാണ്. വര്‍ഷങ്ങളായി കൃഷിമുടങ്ങിയ പാടം പുനരുജ്ജീവിപ്പിച്ച് കൃഷിയോഗ്യമാക്കണമെന്നത് കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. റാണി കായല്‍ കര്‍ഷകരെ അലട്ടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുല്ലയ്ക്കല്‍ ടി.വി സ്മാരകത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നിലവില്‍ ചിത്തിരക്കായലില്‍ മാത്രമാണ് പേരിന് കൃഷി നടക്കുന്നത്. അടിയന്തരമായി മോട്ടോര്‍ സംവിധാനം ഒരുക്കുക, ബാങ്ക് കൈവശം വെച്ച പട്ടയം തിരികെ ഏല്‍പിക്കുക, മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുക, പുറംബണ്ട് ബലപ്പെടുത്തുക എന്നീ ആവശ്യങ്ങളുമായി കര്‍ഷകര്‍ കലക്ടറേറ്റിന്‍െറ പടിക്കല്‍ കയറിയിറങ്ങുകയാണ്. ഈ ആവശ്യംതന്നെയാണ് ചൊവ്വാഴ്ച ചേര്‍ന്ന ചര്‍ച്ചയിലും പ്രധാനവിഷയമായത്. സര്‍ക്കാറിന്‍െറ പിന്തുണ ലഭിക്കാതെ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. സര്‍ക്കാറിന്‍െറ വികലമായ നയംമൂലം പലരും കൃഷി ഉപേക്ഷിച്ച് ഭൂമി കിട്ടിയവിലക്ക് വിറ്റവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സ്ഥലം ഇപ്പോള്‍ ഭൂമാഫിയകളുടെ കൈയിലാണ്. ചിത്തിരക്കായലില്‍ കൃഷിനടത്താന്‍ കെല്‍പുള്ള പാടശേഖര സമിതി ഇന്നില്ല എന്നതാണ് കൃഷി പരാജയപ്പെടാനുള്ള പ്രധാന കാരണം. പരിചയ സമ്പത്തില്ലാത്തവരാണ് കര്‍ഷക സമിതിയില്‍ ഭൂരിഭാഗം പേരും. പുഞ്ചകൃഷി എന്ന് ആരംഭിക്കണമെന്നുപോലും ഇക്കൂട്ടര്‍ക്ക് ധാരണയില്ല. കമ്മിറ്റിക്കാരെ തെരഞ്ഞടുക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ബാങ്കിലുള്ള പട്ടയം ഇപ്പോഴും അര്‍ഹരായ കര്‍ഷകരുടെ കൈയില്‍ എത്തിയിട്ടില്ല. കൃഷി ഇറക്കാന്‍ കര്‍ഷകര്‍ ഈടായി നല്‍കിയതാണിവ. പഴവീട്, മാരാരിക്കുളം എന്നിവിടങ്ങളിലായി 500ഓളം കര്‍ഷക കുടുംബങ്ങളുടെ പട്ടയം ബാങ്കിലാണ്. കര്‍ഷകരുടെ ലീഡ് ബാങ്കായി പ്രവര്‍ത്തിക്കുന്നത് എസ്.ബി.ടി ആണ്. പട്ടയം തിരികെ ലഭിക്കാന്‍ കലക്ടറുമായി കര്‍ഷകര്‍ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ചക്കകം നടപടിയുണ്ടായില്ളെങ്കില്‍ കര്‍ഷകരുടെ വന്‍പ്രതിഷേധത്തിനാകും ജില്ല സാക്ഷിയാകേണ്ടിവരുക. കര്‍ഷകരുടെ പ്രതിഷേധം ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. അവിടെ നടക്കുന്നതെന്താണെന്ന് അന്വേഷിക്കാന്‍പോലും ജനപ്രതിനിധികള്‍ക്ക് നേരമില്ളെന്നും ആരോപണം ഉയര്‍ന്നു. ഇക്കാരണങ്ങളാല്‍ ഈ വര്‍ഷം കൃഷിനടത്തണമെങ്കില്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പമ്പിങ് യഥാസമയം പൂര്‍ത്തീകരിക്കാന്‍ പാടശേഖര സമിതി മുന്നിട്ടിറങ്ങണം. ഇപ്പോള്‍ ചില ഏജന്‍സികളാണ് ഇത് ചെയ്തുവരുന്നത്. നിലവിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കൃഷി നടത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. രാഷ്ട്രീയപരമായ ഇടപെടലാണ് കര്‍ഷകരുടെ ജിവിതത്തില്‍ കരിനിഴല്‍വീഴ്ത്തിയത്. കൃഷി നടത്താന്‍ ഏല്‍പിച്ചിരുന്ന കരാറുകാരനാകട്ടെ ബണ്ടിന്‍െറ പേരില്‍ പിന്‍വാങ്ങി. ബണ്ടിന് ബലമില്ളെന്നും ഇത് തനിക്ക് ധനനഷ്ടത്തിന് ഇടയാക്കുമെന്നുമാണ് കരാറുകാരന്‍െറ വാദം. ഇത് കര്‍ഷകരും ശരിവെക്കുന്നു. കൃഷി സാധ്യമായില്ളെങ്കില്‍ സ്വന്തമായ നിലയില്‍ കൃഷിചെയ്യുമെന്ന നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചിത്തിരക്കായലില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി കൃഷി എത്രയും വേഗം ആരംഭിക്കണമെന്നാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. ഇതിനുമുമ്പും നിരവധി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഒന്നിനും തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് നിരവധി കര്‍ഷകര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.