പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി കെട്ടിടം അവഗണനയില്‍

പൂച്ചാക്കല്‍: പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആദ്യകാല ഒ.പി കെട്ടിടം അവഗണനയില്‍. 25 വര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പാണാവള്ളി പഞ്ചായത്ത് നിര്‍മിച്ച കെട്ടിടമാണ് പൊളിക്കാനൊരുങ്ങുന്നത്. ഇവിടെയുണ്ടായിരുന്ന വലിയ കുളത്തിന്‍െറ ഒരുഭാഗം നികത്തിയാണ് 1991-92ല്‍ കെട്ടിടം നിര്‍മിച്ചത്. സ്വാതന്ത്ര്യദിന സുവര്‍ണ ജൂബിലി സ്മാരകമായി 1997ല്‍ ഇതിന് മുകളില്‍ ട്രസ്വര്‍ക്ക് ചെയ്തു. പിന്നീട് ഈ കെട്ടിടത്തോട് ചേര്‍ന്ന് മരുന്നുകള്‍ സൂക്ഷിക്കാനും വിതരണം നടത്താനും 1998-99ല്‍ ഒരു മുറികൂടി നിര്‍മിച്ചു. ഇതെല്ലാമാണ് ഇപ്പോള്‍ പൊളിക്കുന്നതുംകാത്ത് കഴിയുന്നത്. പി.എച്ച്.സി വളപ്പില്‍ മറ്റ് കെട്ടിടങ്ങള്‍ വന്നതോടെ ഇവിടത്തെ ഭൂമി ഉയര്‍ന്നു. ഇത് ആദ്യത്തെ കെട്ടിടത്തിന്‍െറ ഉള്ളിലേക്ക് മഴവെള്ളം കയറുന്നതിന് ഇടയാക്കി. ഇതാണ് കെട്ടിടം ഉപേക്ഷിക്കാന്‍ ഇടയാക്കിയത്. പാണാവള്ളി പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നതിന് പി.ഡബ്ള്യു.ഡിക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി നല്‍കിയിരുന്നു. എന്നാല്‍, ജീര്‍ണാവസ്ഥയില്‍ അല്ലാത്തതിനാലാണത്രേ ഇത് പൊളിച്ചുനീക്കാന്‍ പി.ഡബ്ള്യു.ഡി തയാറാകാത്തത്. അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചാല്‍ ഇനിയും ഏറെക്കാലം കെട്ടിടം ഉപയോഗിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശിക വികസന ഫണ്ടില്‍നിന്ന് എ.കെ. ആന്‍റണി നല്‍കിയ 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് നിലവില്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. ലബോറട്ടറിക്ക് വേണ്ടിയും ഇവിടെ പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ലാബിന്‍െറ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.