അമ്പലപ്പുഴ: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും വജ്രവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്പലപ്പുഴ പോസ്റ്റ് ഓഫിസ്-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കോമന ദാറുന്നജാത്തില്‍ അന്‍ഷാദ് മുഹമ്മദിന്‍െറ വീട്ടിലാണ് ഞായറാഴ്ച പകല്‍ കവര്‍ച്ച നടന്നത്. 24 പവന്‍ സ്വര്‍ണം, മൂന്നുപവന്‍ വജ്രമാല, ഇന്ത്യന്‍-വിദേശ കറന്‍സികളായി 2,85,000 രൂപ, മൊബൈല്‍ഫോണ്‍, മൂന്ന് വാച്ചുകള്‍ എന്നിവയാണ് കവര്‍ന്നത്. പത്തുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാവിലെ 9.30ഓടെ ബന്ധുവീട്ടില്‍ പോയ വീട്ടുകാര്‍ രാത്രിയില്‍ മടങ്ങിവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവം നാട്ടില്‍ ഭീതിയുളവാക്കിയിരിക്കുകയാണ്. പകല്‍പോലും സുരക്ഷിതമല്ലാത്ത അവസ്ഥ ഉണ്ടാകുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. വീടിന്‍െറ പിന്നിലെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധന്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും അന്വേഷണം തുടങ്ങി. വീടിന്‍െറ പുറത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് വീട് കുത്തിത്തുറന്നത്. ഒടിഞ്ഞ തൂമ്പയുടെ ഭാഗങ്ങള്‍ സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. റെയില്‍വേ സ്റ്റേഷന്‍ അടുത്തായതിനാല്‍ മോഷ്ടാക്കള്‍ അതുവഴി ട്രെയിന്‍ കയറി രക്ഷപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ വിവരങ്ങള്‍ ശേഖരിച്ച് വീട്ടില്‍ ആളില്ലാത്ത തക്കംനോക്കി എത്തിയവര്‍ക്ക് നാടുമായി നല്ല ബന്ധമുണ്ടാകാമെന്നും കരുതുന്നു. ജൂലൈ 24നാണ് അന്‍ഷാദിന്‍െറ മകളുടെ വിവാഹം നടന്നത്. വസ്ത്രങ്ങളും ഉപകരണങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടിലെ മിക്ക അലമാരയിലും മോഷ്ടാക്കള്‍ പരതിയതിന്‍െറ ലക്ഷണമുണ്ട്. സമീപ വീടുകളിലും ഈ സമയത്ത് ആളുകള്‍ കുറവായിരുന്നു. ഞായറാഴ്ചയായതിനാല്‍ പലരും വിവാഹ ചടങ്ങുകളിലും ബന്ധുവീടുകളിലും മറ്റും പോയിരിക്കുകയായിരുന്നു. സി.ഐ എന്‍. വിശ്വംഭരന്‍, എസ്.ഐ എം. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.