തണ്ണീര്‍ത്തടം നികത്തിയെന്ന പരാതി: കലക്ടര്‍ ഉത്തരവിട്ടിട്ടും നടപടിയെടുക്കാതെ തൃക്കുന്നപ്പുഴ പഞ്ചായത്ത്

പാനൂര്‍: തണ്ണീര്‍ത്തടം നികത്തിയതിനെതിരെ നടപടിയെടുക്കണമെന്ന് മേലധികാരികള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ തൃക്കുന്നപ്പുഴ പഞ്ചായത്ത്. പഞ്ചായത്തിലെ പാനൂര്‍ പുത്തന്‍പുരക്കല്‍ ജങ്ഷന് കിഴക്കുവശം വളവനാട് പ്രദേശത്തുള്ള തണ്ണീര്‍ത്തടമാണ് നികത്തിയത്. തോടിന് കുറുകെ സഞ്ചാരയോഗ്യമായ പാലമുണ്ടായിട്ടും സമീപവാസികളില്‍ ചിലര്‍ തോട് നികത്തി കൈവശപ്പെടുത്തി എന്നാണ് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ മഴയില്‍ പ്രദേശം വെള്ളക്കെട്ടില്‍ മുങ്ങിയപ്പോഴാണ് നാട്ടുകാര്‍ പ്രശ്നത്തിന്‍െറ ഗൗരവം മനസ്സിലാക്കിയത്. വളവനാട് ഭാഗത്തെ 40ലധികം വീടുകള്‍ വെള്ളത്തിലായി. നികത്തപ്പെട്ട പുതുവല്‍ തോട്ടിലൂടെയാണ് മുന്‍കാലങ്ങളില്‍ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോയിരുന്നത്. തോട് കുറുകെ നികത്തിയതോടെ നീരൊഴുക്ക് തടസ്സപ്പെട്ടു. കരിങ്കല്‍ ക്വാറി വേസ്റ്റിട്ടാണ് തോട് നികത്തിയത്. ഇതോടെ സമീപത്തെ കിണറുകളിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ചതായും സമീപവാസികള്‍ പറയുന്നു. ആറുമീറ്റര്‍ വീതിയില്‍ വളവനാട് നിന്നും തുടങ്ങി കുന്നുതറയില്‍ അവസാനിക്കുന്ന പുതുവല്‍ തോടിന്‍െറ പ്രധാനഭാഗമാണ് പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ചിലര്‍ നികത്തിയത്. ഇതിനെതിരെ സമീപവാസി വളവനാട് ബൂസിരി കലക്ടര്‍ക്ക് പരാതി നല്‍കി. തോടിന്‍െറ ഇരുകരകളെ ബന്ധിപ്പിക്കാന്‍ നിലവില്‍ പാലം ഉള്ളപ്പോഴാണ് ചിലര്‍ വഴിയുടെ പേരുപറഞ്ഞ് തോട് കുറുകെ നികത്തിയത്. പഞ്ചായത്ത് രേഖകളില്‍ ആറ് മീറ്റര്‍ വീതിയുള്ള തോട് നിലവില്‍ ശുഷ്കിച്ച് ഒരു മീറ്റര്‍ വീതിപോലുമില്ല. ഇതൊക്കെ കാണിച്ച് നല്‍കിയ പരാതിയില്‍ തണ്ണീര്‍ത്തട നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ താഴത്തേട്ടിലേക്ക് ഉത്തരവിട്ടെങ്കിലും ഇനിയും പഞ്ചായത്ത് നടപടിക്കൊരുങ്ങിയിട്ടില്ല. യു.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. പാര്‍ട്ടി പിന്തുണയുള്ള ചിലരാണ് തോട് നികത്തിയിരിക്കുന്നത്. അതാണ് നടപടിയെടുക്കാന്‍ താമസമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പാരിസ്ഥിതിക സന്തുലനംതന്നെ തടസ്സപ്പെടുത്തുന്ന വിഷയത്തില്‍ അടിയന്തര നടപടിയുണ്ടായില്ളെങ്കില്‍ സമരവുമായി രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.