തെരുവുവിളക്ക് കത്തിയില്ല: വനിതാ കൗണ്‍സിലറെയും കുടുംബത്തെയും മര്‍ദിച്ചു

ആലപ്പുഴ: തെരുവുവിളക്കുകള്‍ തെളിയുന്നില്ളെന്ന് ആരോപിച്ച് ആലപ്പുഴ നഗരസഭ വനിതാ കൗണ്‍സിലറെയും ഭര്‍ത്താവിനെയും മകനെയും വീട്ടില്‍കയറി മര്‍ദിച്ച സംഭവത്തില്‍ ഒരാളെ സൗത് പൊലീസ് പിടികൂടി. പാലസ് വാര്‍ഡ് കറുവപറമ്പ് വീട്ടില്‍ അനീഷാണ് (32) പിടിയിലായത്. പാലസ് വാര്‍ഡ് കൗണ്‍സിലര്‍ മുല്ലക്കല്‍ മഞ്ചാടിപ്പറമ്പില്‍ വീട്ടില്‍ ഷോളി സിദ്ധകുമാര്‍, ഭര്‍ത്താവ് സിദ്ധകുമാര്‍, മകന്‍ അശ്വിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. അനീഷിന്‍െറ വീടിന് സമീപത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഇതിനുമുമ്പ് തെരുവുവിളക്ക് സംബന്ധിച്ച പരാതിയുമായി ഇയാള്‍ കൗണ്‍സിലറെ സമീപിച്ചിട്ടുണ്ട്. കൗണ്‍സിലറും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തില്‍ വൈദ്യുതി കണക്ഷന്‍ എടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടത്തെിയിരുന്നു. ഇക്കാരണത്താല്‍ ബോര്‍ഡ് അധികൃതര്‍ പിന്മാറി. വിവരം പരാതിക്കാരനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അതൊന്നും കേള്‍ക്കാന്‍ തയാറാകാതെ തന്നെയും കുടുംബത്തെയും ഫോണിലൂടെയും നേരിട്ടും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് കൗണ്‍സിലര്‍ പറഞ്ഞു. മദ്യപിച്ചത്തെിയ നാലംഗ സംഘം മാരകായുധങ്ങളുമായി വീട്ടിനുള്ളില്‍ കടന്നാണ് മര്‍ദിച്ചത്. ഷോളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവിനും മകനും പരിക്കേറ്റത്. മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് വളരെ വൈകിയാണ് എത്തിയത്. പരിക്കേറ്റവര്‍ ചികിത്സതേടി. സംഭവത്തെക്കുറിച്ച് എസ്.ഐ രാജേഷിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം, വാര്‍ഡിലെ മുഴുവന്‍ തെരുവുവിളക്കുകളും തെളിയിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.