നഗരസഭയില്‍ ഉന്തുംതള്ളും; കൗണ്‍സിലര്‍ക്ക് പരിക്ക്: കായംകുളത്തെ ബിയര്‍ പാര്‍ലര്‍ വിവാദത്തിന് താല്‍ക്കാലിക വിരാമം

കായംകുളം: ഹൈകോടതി ഉത്തരവിന്‍െറ മറവില്‍ കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അനുവദിക്കാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചു. ഇടതുമുന്നണി സര്‍ക്കാറിന്‍െറ മദ്യനയം രൂപപ്പെട്ടതിന് ശേഷം വിഷയം ചര്‍ച്ചക്ക് എടുക്കാമെന്ന് പ്രഖ്യാപിച്ച് ചെയര്‍മാന്‍ അടിയന്തര കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. വിധി നടപ്പാക്കുന്നതിന് ഹൈകോടതിയില്‍ ഒരുമാസത്തെ സാവകാശം ചോദിക്കുമെന്നും ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ അറിയിച്ചു. കൗണ്‍സില്‍ ഹാളില്‍ ഇതേച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തിനും പിടിവലിക്കുമിടെ നഗരസഭാ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ചെയര്‍മാന്‍െറ ചേംബറിലെ മൈക്ക് പിടിച്ചെടുക്കാനുള്ള പ്രതിപക്ഷത്തെ അംഗങ്ങളുടെ നീക്കത്തെ ചെറുക്കുന്നതിനിടെയാണ് സി.പി.എമ്മിലെ മനാഫിന്‍െറ കൈക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നവാസ് മുണ്ടകത്തിനെതിരെ കായംകുളം പൊലീസില്‍ പരാതി നല്‍കി. യോഗത്തില്‍ ചെയര്‍മാന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് മുമ്പെ കോടതി ഉത്തരവിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം എഴുന്നേറ്റു. ഇതോടെയാണ് കൗണ്‍സില്‍ യോഗം ബഹളമയമായത്. ഈ സമയം തീരുമാനമറിയിച്ച് കൗണ്‍സില്‍ പിരിച്ചുവിട്ടതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ബിയര്‍ പാര്‍ലറിന് എന്‍.ഒ.സി നല്‍കണമെന്ന ധാരണ സി.പി.എം-സി.പി.ഐ നേതൃത്വം രൂപപ്പെടുത്തിയെങ്കിലും ഭരണപക്ഷത്തെ ഒരുവിഭാഗം കടുത്ത എതിര്‍പ്പുമായി നിലകൊണ്ടതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. അനുമതിക്കെതിരെ രംഗത്തുള്ള യു.ഡി.എഫിനൊപ്പം ഇവര്‍ ചേര്‍ന്നാല്‍ ഭൂരിപക്ഷമില്ലാത്ത ഭരണസമിതി വെട്ടിലാകുമെന്ന തിരിച്ചറിവാണ് വിഷയത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര കൗണ്‍സില്‍ ചര്‍ച്ചപോലും ഇല്ലാതെ പിരിച്ചുവിടാന്‍ കാരണമായത്. അതേസമയം, ഹോട്ടലിന് ബാര്‍ അനുവദിക്കണമെന്ന നിലപാടില്‍ എത്തിയ ബി.ജെ.പി അംഗങ്ങള്‍ക്ക് വിശദീകരണത്തിന് അവസരം ലഭിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇവര്‍ ചെയര്‍മാന്‍െറ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം പ്രകടിപ്പിച്ചാണ് മടങ്ങിയത്. വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതറിഞ്ഞ് ബിയര്‍ പാര്‍ലറിനെതിരെ പ്രതിഷേധവുമായി കുറ്റിത്തെരുവ് നിവാസികള്‍ നഗരസഭാ കവാടത്തില്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.