അപര്‍ണയുടെ വിജയത്തിന് പൊന്‍തിളക്കം

ചാരുംമൂട്: ദുരിതങ്ങള്‍ പെയ്തിറങ്ങിയ ജീവിത സാഹചര്യങ്ങള്‍ക്കിടെ അപര്‍ണ നേടിയ വിജയത്തിന് പൊന്‍തിളക്കം. താമരക്കുളം ടൗണ്‍ വാര്‍ഡില്‍ നെടിയത്ത് പടിത്താറ് ബാബു-പ്രസന്ന ദമ്പതികളുടെ മൂത്ത മകള്‍ അപര്‍ണയാണ് ദുരിതങ്ങള്‍ കൂട്ടായപ്പോഴും എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. കാല്‍ മുറിച്ച് കിടക്കയിലായ ബാബുവിനെ പരിചരിക്കുന്നതിനും വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്നതിനുമിടെയാണ് അഞ്ച് വിഷയങ്ങള്‍ക്ക് എ പ്ളസും അഞ്ച് വിഷയങ്ങള്‍ക്ക് എ, ബി പ്ളസ് ഗ്രേഡുകളും നേടി അപര്‍ണ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലായിരുന്നു പഠനം. പത്തുവര്‍ഷം മുമ്പാണ് ബാബു രോഗബാധിതനായത്. തീരാത്ത തലവേദനക്കിടെ ഇടതുകാലിന്‍െറ വെള്ള ഭാഗത്ത് മുറിവുണ്ടായി. ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമായില്ല. തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് ഇടതുകാല്‍ മുറിക്കേണ്ടിവന്നു. ഇതോടെ ബാബു പൂര്‍ണമായും കിടപ്പിലായി. വീട്ടുചെലവുകള്‍ നടത്തിയിരുന്ന പ്രസന്നക്ക് ഇതോടെ കൂടുതല്‍ സമയവും ബാബുവിനെ പരിചരിക്കേണ്ടിവന്നു.പ്രസന്നക്ക് ജോലിക്കുപോകാന്‍ കഴിയാതെവന്നതോടെ കുടുംബം പട്ടിണിയുടെ വക്കിലായി. ബാബുവിന്‍െറ ചികിത്സക്കും മറ്റുമായി നാട്ടുകാരും സംഘടനകളും ബന്ധുക്കളും നല്‍കിവരുന്ന സഹായം കുടുംബത്തിന് തുണയായി. മാതാപിതാക്കളുടെ വിഷമതകളില്‍ സഹായിക്കാന്‍ ഏറെ സമയം ചെലവഴിക്കുന്നതിനാല്‍ അപര്‍ണക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പത്താം ക്ളാസിലായതോടെ ആദ്യം ട്യൂഷന് പോയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം നിര്‍ത്തേണ്ടി വന്നു. ഇളയ കുട്ടി അനൂപ് ഭിന്നശേഷിയുള്ളവര്‍ക്കുള്ള സ്കൂളിലാണ് പഠിക്കുന്നത്. തുടര്‍ന്ന് പഠിക്കണമെന്നാണ് ആഗ്രഹമെങ്കിലും അതിന് കഴിയുമോയെന്ന ആശങ്കയിലാണ് അപര്‍ണയും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.