ആലപ്പുഴ: വെള്ളിയാഴ്ച രാവിലെ ആലപ്പുഴ എസ്.ഡി കോളജില്‍ എത്തിയ അധ്യാപകരും വിദ്യാര്‍ഥികളും അലങ്കരിച്ച കാറില്‍ കോളജ് മുറ്റത്തിറങ്ങിയ വധൂവരന്മാരെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു. മധ്യവേനല്‍ അവധിയായതിനാല്‍ കോളജ് ഓഡിറ്റോറിയത്തില്‍ വല്ല കല്യാണവുമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, കാറില്‍ നിന്നിറങ്ങിയ വധു നേരെ പരീക്ഷാ ഹാളിലേക്ക് നടന്നപ്പോഴാണ് കണ്ടുനിന്നവര്‍ക്ക് കാര്യം മനസ്സിലായത്. അതോടെ അധ്യാപകരും വിദ്യാര്‍ഥികളും വധൂവരന്മാരെ കാണാന്‍ എത്തി. പരീക്ഷ എഴുതാനത്തെിയ മണവാട്ടിക്കും കൂട്ടിനത്തെിയ മണവാളനും നാണവും അമ്പരപ്പും. വണ്ടാനം വാഴക്കൂട്ടംകേരി സുരേന്ദ്രന്‍െറയും ലൈലയുടെയും മകന്‍ സുരാജിന്‍െറയും (26), നീര്‍ക്കുന്നം രേവതി ഭവനില്‍ ഉദയന്‍-ശാന്തിനി ദമ്പതികളുടെ മകള്‍ സാന്ദ്രയുടെയും (20) വിവാഹം മാസങ്ങള്‍ക്കുമുമ്പ് തീരുമാനിച്ചതാണ്. വെള്ളിയാഴ്ച 10നും 10.30നും ഇടക്കാണ് താലികെട്ട് നിശ്ചയിച്ചത്. എന്നാല്‍, നഗരത്തിലെ സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ സാന്ദ്രക്ക് വെള്ളിയാഴ്ച പരീക്ഷ വന്നത് പ്രതിസന്ധിയായി. മുഹൂര്‍ത്തം ഒമ്പതിനും 9.30നും മധ്യേയാക്കി വിവാഹം നടത്തി. വണ്ടാനം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. നേരം കളയാതെ പരീക്ഷാ ഹാളിലേക്ക്. 9.30ന് പരീക്ഷ തുടങ്ങിയെങ്കിലും അധികൃതരുടെ സമ്മതം വാങ്ങിയശേഷം പ്രത്യേക പരിഗണനയോടെ 9.45ന് സാന്ദ്ര ഹാളിലത്തെി. പട്ടുസാരിയുടുത്ത് മുല്ലപ്പൂവും ചൂടി ആഭരണങ്ങളണിഞ്ഞ് പരീക്ഷക്കത്തെിയ കല്യാണപ്പെണ്ണിനെ കണ്ട് കൂട്ടുകാരികള്‍ ചിരിച്ചു. ധൈര്യം സംഭരിച്ച് സാന്ദ്ര പരീക്ഷയെഴുതി. പരീക്ഷ കഴിയുന്നതുവരെ കോളജ് ഗ്രൗണ്ടില്‍ സുരാജ് കാത്തുനിന്നു. വിവാഹജീവിതത്തിലേക്ക് പദമൂന്നിയതോടൊപ്പം ഭാവിയിലേക്കുള്ള പരീക്ഷ നന്നായി എഴുതിയതിന്‍െറ സംതൃപ്തിയോടെ സാന്ദ്ര എത്തിയപ്പോള്‍ സുരാജിന്‍െറ മുഖത്ത് ചിരി. മടക്കയാത്രക്ക് കാറില്‍ കയറുമ്പോളും കൂട്ടുകാരികളുടെ കളിയാക്കല്‍. കോളജില്‍നിന്ന് വീണ്ടും കല്യാണ ഓഡിറ്റോറിയത്തിലേക്ക്. അവിടെ ബന്ധുക്കളുമൊത്ത് സദ്യയുണ്ട് ചടങ്ങനുസരിച്ച് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.