ചൂട് അസഹനീയം; കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

ആലപ്പുഴ: കനത്ത ചൂടില്‍ ചത്തുവീഴുന്ന കന്നുകാലികളുടെ എണ്ണം ഉയരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്ക് പ്രകാരം സൂര്യാതപം ഏറ്റും അല്ലാതെയും ചത്തത് 11 കന്നുകാലികളാണ്. ഇതിനത്തെുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കടക്കരപ്പള്ളിയില്‍ രണ്ട്, കറ്റാനത്ത് മൂന്ന്, പത്തിയൂര്‍, കുമാരപുരം, വള്ളികുന്നം, ചേന്നംപള്ളിപ്പുറം, പുലിയൂര്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് കാലികള്‍ ചത്തത്. പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് വന്‍ ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. നിലവില്‍, സ്വകാര്യ ബാങ്കുകളില്‍നിന്നും മറ്റും കൂടിയ പലിശക്ക് വായ്പയെടുത്താണ് കര്‍ഷകര്‍ ഈ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്. ചൂട് കൂടിയതോടെ, ലഭിക്കുന്ന പാലിന്‍െറ അളവില്‍ ഒന്നുമുതല്‍ രണ്ട് ലിറ്റര്‍ വരെ കുറവും ഉണ്ട്. അതിനിടെയാണ് കാലികള്‍ ചത്തൊടുങ്ങുന്നത്. കര്‍ഷകര്‍ വളര്‍ത്തുന്ന 95 ശതമാനം പശുക്കളും സങ്കരയിനമാണ്. നാടന്‍ പശുക്കളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശേഷി ഇവക്ക് നന്നേ കുറവാണ്. അതിനാലാണ് ഇവ പെട്ടെന്ന് ചാകുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫെലിസിറ്റ പ്രൊട്ടാസിസ് പറഞ്ഞു. പാല്‍ ഉല്‍പാദനത്തില്‍ പിന്നിലായതിനാലാണ് നാടന്‍ പശുക്കളെ ഉപേക്ഷിച്ച് സങ്കരയിനത്തിലേക്ക് കര്‍ഷകര്‍ ചേക്കേറിയത്. ഇത് ഇപ്പോള്‍ വിനയായി. വെയിലുള്ള സ്ഥലത്ത് കന്നുകാലികളെ കെട്ടുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്നു. കാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കണം. കഴിവതും ഷെഡുകളില്‍ത്തന്നെ കാലികളെ കെട്ടുക. വെയിലേറ്റ് തളര്‍ന്ന് വീണുകഴിഞ്ഞാല്‍ കാലികളുടെ ജീവന്‍ രക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. കുടിക്കാന്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കാനും ശ്രദ്ധവേണം. കാലിത്തീറ്റകള്‍ കുറച്ചുകൊണ്ട് തീറ്റപ്പുല്ല് കൂടുതലായി നല്‍കണം. കര്‍ഷകര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കാന്‍ രണ്ടുലക്ഷം രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചു. ഇതുവരെയുള്ള നഷ്ടങ്ങളുടെ കണക്ക് അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി. അറവുശാലകളിലേക്ക് കൊണ്ടുവരുന്ന കാലികളെ വെയിലത്ത് റോഡരികില്‍ കെട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ നടപടിയെടുക്കുമെന്നും മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.