ലോറികള്‍ ലഭിച്ചില്ല; കുട്ടനാട്ടില്‍ കുടിവെള്ള വിതരണം മുടങ്ങി

കുട്ടനാട്: ലോറികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ കുടിവെള്ള വിതരണം മുടങ്ങി. കുറഞ്ഞ നിരക്കില്‍ ലോറി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കലക്ടറുടെ യോഗ തീരുമാനപ്രകാരമുള്ള നിരക്കില്‍ ലോറി വാടകക്ക് നല്‍കാന്‍ ഉടമകള്‍ തയാറായാല്‍ കുടിവെള്ള വിതരണം സുഗമമമായി നടക്കും. കുടിവെള്ള വിതരണത്തിന് ചെറിയ ലോറി കി.മീറ്ററിന് 35 രൂപ നിരക്കിലും 407 മോഡല്‍ 50 രൂപക്കും വലിയ ലോറികള്‍ 65 രൂപ നിരക്കിലും വാടകക്ക് എടുക്കാനായിരുന്നു ആര്‍.ടി.എ നിര്‍ദേശിച്ചത്. എന്നാല്‍, ഈ നിരക്കില്‍ ലോറികള്‍ വാടകക്ക് വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധരല്ല. 70മുതല്‍ 150 രൂപ വരെയുള്ള ക്വട്ടേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ഇവ കലക്ടര്‍ അംഗീകരിച്ചാല്‍ മാത്രമേ കുടിവെള്ള വിതരണം നടത്താന്‍ കഴിയൂ. ഉടമകള്‍ കുറഞ്ഞ നിരക്കില്‍ ലോറികള്‍ നല്‍കാന്‍ തയാറായില്ളെങ്കില്‍ വണ്ടികള്‍ പിടിച്ചെടുത്ത് ജലവിതരണം നടത്താനും നടപടി ഉണ്ടായേക്കും. നിലവില്‍ കുട്ടനാട്ടിലെ ഓരോ പഞ്ചായത്തിലും മൂന്ന് കെട്ടുവള്ളങ്ങളില്‍ മാത്രമാണ് കുടിവെള്ളം എത്തിക്കുന്നത്. അതേസമയം, തണ്ണീര്‍മുക്കം ബണ്ട് തുറന്നതിനാല്‍ ജലാശയങ്ങളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇതിനാല്‍ കുടിവെള്ളത്തിന് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്. പൊതുചടങ്ങുകളും വിവാഹം പോലുള്ള മറ്റുചടങ്ങുകള്‍ നടത്തുന്നവരും കുടിവെള്ളമില്ലാത്തതിനാല്‍ നട്ടംതിരിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.