ചേര്‍ത്തല താലൂക്കില്‍ ലഹരിമരുന്ന് കടത്തും വ്യാജമദ്യ വില്‍പനയും വര്‍ധിക്കുന്നു

ചേര്‍ത്തല: ചേര്‍ത്തല താലൂക്കിന്‍െറ വിവിധ മേഖലകളില്‍ ലഹരിമരുന്ന് കടത്തും വ്യാജമദ്യ വില്‍പനയും വര്‍ധിക്കുന്നു. കഞ്ചാവ്, ആംപ്യൂളുകള്‍, ലഹരി ഗുളികകള്‍, വിവിധ ലേബലുകളിലുള്ള വ്യാജമദ്യങ്ങള്‍ എന്നിവയാണ് താലൂക്കില്‍ വ്യാപകമായുള്ളത്. അരൂര്‍ വെളുത്തുള്ളി, അരൂക്കുറ്റി, വടുതല, ചന്തിരൂര്‍, എരമല്ലൂര്‍, എഴുപുന്ന, കരുമാഞ്ചേരി, വല്ളേത്തോട്, കുത്തിയതോട്, കോടംതുരുത്ത്, വളമംഗലം, വയലാര്‍, തൈക്കാട്ടുശേരി, പൂച്ചാക്കല്‍ എന്നീ പ്രദേശങ്ങളിലാണ് ഇവയുടെ വില്‍പനയും ഉപയോഗവും അധികമായിട്ടുള്ളത്. എക്സൈസ് വകുപ്പിന്‍െറ പ്രവര്‍ത്തന മാന്ദ്യതയാണ് ഇതിന് കാരണം. പേരിനുമാത്രമാണ് എക്സൈസ് പട്രോളിങ് നടത്തുന്നത്. എക്സൈസ് സംഘം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവത്കരണത്തിന് കോടിക്കണക്കിന് രൂപ ചെലവാക്കിയെന്ന് എക്സൈസ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എണ്ണപ്പെട്ട പ്രൈവറ്റ് മാനേജ്മെന്‍റ് സ്കൂളുകളില്‍ മാത്രമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. 2014-16 വരെ ചേര്‍ത്തലയില്‍ 20 കിലോഗ്രാം കഞ്ചാവ് മാത്രമാണ് പിടികൂടിയത്. എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് ആഴ്ചകള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. മയക്കുമരുന്നും വ്യാജമദ്യവും ഇവിടെ നിര്‍ലോഭം വിറ്റഴിക്കപ്പെടുന്നു. പൊലീസിന്‍െറ ഡ്യൂട്ടിമാറ്റ സമയമായ പുലര്‍ച്ചെ 4.30നും ഏഴിനും ഇടക്കാണ് അധികവും ഇടപാട് നടക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ വില്‍പനക്കായി ഉപയോഗിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിവേണം. എക്സൈസ് വകുപ്പിന്‍െറ ഭാഗത്തുനിന്ന് മദ്യം, മയക്കുമരുന്നിനെതിരെ ഇനിയും നടപടി കൈക്കൊണ്ടില്ളെങ്കില്‍ സമാനസ്വഭാവമുള്ള വിവിധ സംഘടനകളുമായി സഹകരിച്ച് എക്സൈസ് ജില്ലാ ആസ്ഥാനങ്ങളില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം സംസ്ഥാന സെക്രട്ടറി വിനീഷ് കോയിക്കല്‍, ട്രഷറര്‍ വി.ഇ. മുഹ്സിന്‍, സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ഉണ്ണി രാജന്‍, സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രഫ. ദേവാനന്ദന്‍, ജില്ലാ സെക്രട്ടറി കെ.എസ്. നിജാസ്, മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയംഗം കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.