അരൂര്‍–മുക്കം റോഡ്; പൊതുമരാമത്ത് വകുപ്പ് വെല്ലുവിളിക്കുന്നെന്ന് നാട്ടുകാര്‍

അരൂര്‍: അരൂര്‍-മുക്കം റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് നാട്ടുകാരെ വെല്ലുവിളിക്കുന്നെന്ന് ആക്ഷേപം. കുഴികള്‍ നിറഞ്ഞ റോഡില്‍ പൊതുമരാമത്ത് തന്നെ നിര്‍മിച്ച കാന മറ്റൊരു തടസ്സമാകുകയാണ്. കേവലം ഒന്നര കിലോമീറ്റര്‍ മാത്രമുള്ള റോഡ് നന്നാക്കാന്‍ തയാറാകാതെ പൊതുമരാമത്ത് നാട്ടുകാരുടെ ആവശ്യം അവഗണിക്കുകയാണ്. ഇടക്കൊച്ചി പാലം മുതല്‍ ബൈപാസ് ജങ്ഷന്‍ വരെ നീളുന്ന റോഡാണ് സ്റ്റേറ്റ് ഹൈവേയില്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുന്നത്. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന ആശ്രയിക്കുന്ന റോഡാണ് വെള്ളം കെട്ടിക്കിടന്നും കുഴികള്‍ നിറഞ്ഞും ഗതാഗതതടസ്സം ഉണ്ടാക്കുന്നത്. അരൂര്‍ വ്യവസായ കേന്ദ്രത്തിന് സമീപം വെള്ളക്കെട്ട് രൂക്ഷമായപ്പോഴാണ് കാന നിര്‍മിക്കാന്‍ പൊതുമരാമത്ത് കരാര്‍ ചെയ്തത്. റോഡിന് കുറുകെയാണ് കാന. കാനയുടെ ഒപ്പം റോഡ് ഉയര്‍ത്തിയെങ്കിലും ടാര്‍ ചെയ്യാന്‍ നടപടിയുണ്ടായില്ല. പൊടിശല്യം ഉണ്ടാക്കുന്ന റോഡില്‍നിന്ന് വലിയ കല്ലുകള്‍ അടന്നുതുടങ്ങിയിട്ടുണ്ട്. റോഡിന്‍െറ ബാക്കിഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. പല സമരങ്ങളും നടത്തിയെങ്കിലും പൊതുമരാമത്ത് ആലപ്പുഴ റോഡ് വിഭാഗം തിരിഞ്ഞുനോക്കാന്‍ തയാറായിട്ടില്ല. നാലുവരിപ്പാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ കുണ്ടും കുഴിയും നിറഞ്ഞ മുക്കം റോഡിലൂടെ യാത്രചെയ്ത് ഇടക്കൊച്ചി പാലം കടന്നാല്‍ മെച്ചമുള്ള റോഡില്‍ പ്രവേശിക്കാം. കൊച്ചി കോര്‍പറേഷന്‍ ഇവിടെ നല്ല റോഡ് നിര്‍മിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.