അരൂര്‍ പഞ്ചായത്തിന് അവകാശപ്പെട്ട സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടിയില്ല

അരൂര്‍: പഞ്ചായത്തിന് അവകാശപ്പെട്ട സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ ജലസംഭരണി നിര്‍മിക്കാനാണ് വെള്ളക്കെട്ടും കരഭൂമിയുമായി കിടന്ന 40 സെന്‍റ് സ്ഥലം വര്‍ഷങ്ങള്‍ക്കുമുമ്പ് വാട്ടര്‍ അതോറിറ്റി വാങ്ങിയത്. അരൂര്‍ പഞ്ചായത്ത് 22ാം വാര്‍ഡില്‍ കളത്തില്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്താണ് ഭൂമി വാങ്ങിയത്. ജലസംഭരണി ഉള്‍പ്രദേശത്ത് നിര്‍മിച്ചാല്‍ പൈപ്പുകള്‍ എത്തിക്കാന്‍ ചെലവേറുമെന്ന് കാട്ടി ജപ്പാന്‍ കുടിവെള്ളപദ്ധതി അധികൃതര്‍ ആദ്യം തന്നെ തടസ്സം പറഞ്ഞു. ദേശീയപാതക്കരികില്‍തന്നെ സ്ഥലം വേണമെന്ന് വാശിപിടിക്കുകയും ചെയ്തു. അരൂരില്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കാതെതന്നെ പദ്ധതി ആരംഭിക്കുമെന്നും പഞ്ചായത്തിലെ ജലവിതരണത്തില്‍ പോരായ്മ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രൂക്ഷമായ ജലക്ഷാമമുള്ള അരൂരില്‍ ജലവിതരണ പദ്ധതി എത്തില്ളെന്ന പ്രചാരണം പഞ്ചായത്ത് കമ്മിറ്റിയെ ആശങ്കയിലാക്കി. അതോടെ പുതിയ സ്ഥലത്തിനുള്ള അന്വേഷണമായി. ജലഅതോറിറ്റി തന്നെയാണ് അരൂരിലെ ഏറ്റവും വലിയ പൊതുകുളമായ എരിയകുളം ചൂണ്ടിക്കാട്ടിയത്. കുളത്തിന്‍െറ പകുതി നികത്താനും ബാക്കി സംരക്ഷിക്കാനും തീരുമാനിച്ചു. അതോറിറ്റി വാങ്ങിയിട്ടിരിക്കുന്ന 40 സെന്‍റ് സ്ഥലം പഞ്ചായത്തിന് പകരം നല്‍കാമെന്നും ധാരണയായിരുന്നു. എന്നാല്‍, പകുതി കുളത്തിന് പകരം മുക്കാല്‍ഭാഗം കുളവും നികത്തിയെടുത്ത ജല അതോറിറ്റി വാങ്ങിയ സ്ഥലം പഞ്ചായത്തിന് നല്‍കാന്‍ തയാറായുമില്ല. ഫലത്തില്‍ പഞ്ചായത്തിന് കുളവും ദേശീയപാതയോരത്തെ സ്ഥലവും നഷ്ടമായി. അതോറിറ്റി വാങ്ങിയ സ്ഥലം തിരികെ ലഭിച്ചുമില്ല. അതോറിറ്റിയുടെ സ്ഥലം ഇപ്പോള്‍ കാടുകയറിക്കിടക്കുകയാണ്. അരൂരില്‍ സ്ഥലം ലഭിക്കാത്തതിന്‍െറ പേരില്‍ മാത്രം നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നില്ളെന്നാണ് എ.എം. ആരിഫ് എം.എല്‍.എ പറയുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടില്ലാത്ത പാവങ്ങള്‍ക്ക് വീട് നിര്‍മിക്കാനും ഫ്ളാറ്റ് നിര്‍മിക്കാനും പദ്ധതി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലം ലഭിക്കാത്തതിന്‍െറ പേരില്‍ ഫണ്ടുകള്‍ നഷ്ടപ്പെടുന്നതിനിടെയാണ് സ്ഥലം തിരിച്ചുപിടിക്കാന്‍ നടപടി ഉണ്ടാകാത്തതുമൂലം 40 സെന്‍റ് അനാഥമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.