വയലാര്‍ വെടിവെപ്പിന്‍െറ നടുക്കുന്ന ഓര്‍മകളില്‍ കരുണാകരന്‍ മേസ്തിരി

ചേര്‍ത്തല: 92ാം വയസ്സിലും വയലാര്‍ വെടിവെപ്പിന്‍െറ നടുങ്ങുന്ന ഓര്‍മകളുമായി കരുണാകരന്‍ മേസ്തിരി. 69ാമത് രക്തസാക്ഷി വാരാചരണത്തിന് ചൊവ്വാഴ്ച സമാപനമാകുമ്പോള്‍ സമരത്തിന്‍െറ വയലാര്‍ ക്യാമ്പിന്‍െറ ക്യാപ്റ്റനായിരുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് വേലിക്കകത്ത് കരുണാകരന്‍ മേസ്തിരി ഓര്‍മകള്‍ പങ്കുവെച്ചു. നാനൂറോളം പേര്‍ മരിച്ച വയലാര്‍ വെടിവെപ്പില്‍ പരിക്കുപറ്റിയും അല്ലാതെയുമായി രക്ഷപ്പെട്ട ചിലരില്‍ ഇന്നും ജീവിച്ചിരിക്കുന്ന സമരഭടനാണ് വി.കെ. കരുണാകരന്‍. ക്യാമ്പ് അംഗങ്ങള്‍ക്ക് ഭക്ഷണമത്തെിക്കുന്ന ചുമതലയായിരുന്നു മേസ്തിരിക്ക്. രക്തസാക്ഷി മണ്ഡപത്തിന് മുന്നിലുള്ള കോയിക്കല്‍ ക്ഷേത്ര പറമ്പിലായിരുന്നു അന്ന് വയലാറിലെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. വെടിവെപ്പ് നടന്ന തുലാം 10ന് ക്യാമ്പില്‍നിന്നുള്ള അംഗങ്ങള്‍ രണ്ടായി പിരിഞ്ഞാണ് പട്ടാളത്തെ നേരിട്ടത്. മണ്ഡപത്തിന് വടക്കുഭാഗത്തേക്ക് പോയ സമരഭടന്മാരെ നയിച്ചത് താനായിരുന്നുവെന്ന് മേസ്തിരി പറയുന്നു. അവിടെ കായലിലെ കപ്പപ്പായലിന് ഇടയില്‍ ഒളിച്ചിരുന്നാണ് സമീപത്തുള്ള ഇല്ലിക്കാട്ടില്‍നിന്നിരുന്ന പട്ടാളക്കാരെ നേരിട്ടത്. രക്ഷപ്പെട്ടത് എങ്ങനെയെന്ന് ഇന്നും അദ്ഭുതത്തോടെയാണ് മേസ്തിരി ഓര്‍ക്കുന്നത്. സമരനായകനായിരുന്ന സി.കെ. കുമാരപ്പണിക്കരുടെ നിര്‍ദേശപ്രകാരം വൈകുന്നേരം വൈക്കത്തേക്ക് ഒളിച്ചുകടന്നു. പിന്നീട് മേലുകാവ്, ഈരാറ്റുപേട്ടക്ക് അടുത്തുള്ള തീക്കോയി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഇതിനിടയില്‍ സഹായം നല്‍കിയ വീട്ടില്‍ നിന്നുതന്നെ ജീവിതപങ്കാളിയെ കണ്ടത്തെി. പിന്നീട് വയലാറില്‍ തിരികെ വന്ന് കെട്ടിടനിര്‍മാണവുമായി കഴിഞ്ഞുകൂടുകയായിരുന്നു. ഇളയ മകനായ അനിയോടൊപ്പം കഴിയുന്ന മേസ്തിരി ഇന്നും ആരോഗ്യവാനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുകയാണ്. രക്തസാക്ഷി അനുസ്മരണത്തിന് വയലാറിലത്തെുന്ന നേതാക്കള്‍ക്ക് ഇന്നും മേസ്തിരിയുടെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാകും. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.ഐയോടൊപ്പമാണ് ഇദ്ദേഹം. വയലാറിലത്തെുന്ന സി.പി.ഐയുടെ എല്ലാ നേതാക്കള്‍ക്കും അനുസ്മരണ ദിവസം മേസ്തിരിയുടെ വീട്ടില്‍നിന്നുതന്നെയാണ് ഭക്ഷണം. സഹധര്‍മിണിയായ കല്യാണിയമ്മ നാലുവര്‍ഷം മുമ്പ് വിട്ടുപിരിഞ്ഞു. 92ല്‍ എത്തിയെങ്കിലും ഇന്നും പഴയ കമ്യൂണിസ്റ്റുകാരന്‍െറ വീറും വാശിയും മേസ്തിരിയില്‍നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.