മണ്ണാറശ്ശാല ആയില്യം ഉത്സവം നവംബര്‍ രണ്ട് മുതല്‍

ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. നാലിനാണ് ആയില്യം. ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. രണ്ടിന് മഹാദീപക്കാഴ്ചയാണ് പ്രധാനം. അന്ന് വൈകുന്നേരം സാംസ്കാരിക സമ്മേളനം നടക്കും. ശ്രീ നാഗരാജ പുരസ്കാരം കലാമണ്ഡലം ക്ഷേമാവതിക്ക് സമ്മേളനത്തില്‍ സമ്മാനിക്കും. മൂന്നിന് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടുവരെ അന്നദാനം. 9.30 മുതല്‍ 12.30 വരെ പൂജ. വൈകുന്നേരം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ചെണ്ടമേളം. തുടര്‍ന്ന് അഭിഷേക് രഘുരാമന്‍െറ ശാസ്ത്രീയ സംഗീത കച്ചേരി, കലാമണ്ഡലം ഗോപി ആശാന്‍ അവതരിപ്പിക്കുന്ന കഥകളി എന്നിവയും നടക്കും. നാലിന് പുലര്‍ച്ചെ 3.30ന് നിര്‍മാല്യദര്‍ശനം. രാവിലെ ആറിന് ആയില്യത്തിന്‍െറ പ്രത്യേക പൂജകളും നാഗക്കളം ചടങ്ങുകളും നടക്കും. മണ്ണാറശ്ശാല ഇല്ലത്തെ കാരണവരായ നമ്പൂതിരി നേതൃത്വം നല്‍കും. എട്ടുമുതല്‍ ഉച്ചക്ക് 12.30 വരെ മണ്ണാറശാല അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. തുടര്‍ന്ന് അന്നദാനം. ഓട്ടന്തുള്ളല്‍, ശാസ്ത്രീയസംഗീതക്കച്ചേരി തുടങ്ങിയ പരിപാടികളുമുണ്ടാകും. ഉച്ചക്ക് 1.30 മുതല്‍ 2.30 വരെയാണ് ആയില്യം എഴുന്നള്ളത്ത്. നൂറും പാലും എന്ന ചടങ്ങോടെയാണ് ആയില്യം ഉത്സവത്തിന് സമാപനം. വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയായതായി കാരണവരായ എം.വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി പറഞ്ഞു. ഹരിപ്പാട് ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.