വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി

ആലപ്പുഴ: ഇന്ന് വിദ്യാരംഭം. അറിവിന്‍െറ ആദ്യക്ഷരം കുറിക്കാന്‍ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും തിരക്കായിരിക്കും. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വിവിധ പരിപാടികളിലും നടക്കും. രാവിലെ ഏഴുമണിയോടെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങളില്‍ ഇതിന്‍െറ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടായിരിക്കും. മണലിലോ അരിയിലോ ആയിരിക്കും ആദ്യക്ഷരങ്ങള്‍ കുറിക്കുക. വിദ്യാദേവിയുടെ അനുഗ്രഹം വാങ്ങാനും അക്ഷരം എഴുതി അറിവിന്‍െറ ദേവതയോട് പ്രാര്‍ഥിക്കാനും പ്രായഭേദമന്യേ വിശ്വാസികള്‍ എത്തും. ആലപ്പുഴ സനാതനധര്‍മ വിദ്യാശാലയുടെ ആഭിമുഖ്യത്തില്‍ ദസറ ആഘോഷങ്ങളും നടക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവിധ തൊഴിലാളി സംഘടനകളും നവരാത്രി ആഘോഷങ്ങളും കലാപരിപാടികളും വെള്ളിയാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ ഫോക്കസ് അമ്പലപ്പുഴയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ഉത്സവവും നാടകോത്സവവും നടക്കും. കൊമ്മാടി എസ്.എന്‍ ഗുരുമന്ദിരത്തില്‍ നവരാത്രി ആഘോഷവും സരസ്വതി പൂജയും രാവിലെ 6.30ന് ആരംഭിക്കും. വിവിധ ഗ്രന്ഥശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഗീതവിദ്യാലയങ്ങളില്‍ സംഗീതപഠനത്തിനും തുടക്കംകുറിക്കുന്നത് വിദ്യാരംഭ ദിനത്തിലാണ്. മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തിന്‍െറ ഭാഗമായി കുമാരിപൂജയും നടക്കും. 200ല്‍പരം കുരുന്നുകള്‍ പങ്കെടുക്കും. മഹാനവമി ദിനത്തില്‍ സംഗീതാരാധനയും ഭജനയും നടത്തുന്നുണ്ട്. തകഴി സ്മാരകം, അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്ക് അധ്യാപകരും പണ്ഡിതരും സാംസ്കാരിക പ്രവര്‍ത്തകരും നേതൃത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.