അങ്കമാലി നഗരസഭയില്‍ വിമത വനിതകള്‍ കരുത്തരാണ്

അങ്കമാലി: നഗരസഭയിലെ യു.ഡി.എഫില്‍ ഇക്കുറി വിമതശല്യം കുറവാണെങ്കിലും മത്സര രംഗത്തുള്ള രണ്ട് വനിത വിമതരും കരുത്തരാണ്. 95ല്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ലില്ലി രാജുവിന് നാളിതുവരെ തോറ്റ ചരിത്രമുണ്ടായിട്ടില്ല. മത്സരിച്ച നാല് തവണയും വിജയിച്ച ലില്ലി രാജു ആദ്യ അങ്കത്തില്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായത്. ഇടതു മുന്നണിയോടൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്-ജെയുടെ ടിക്കറ്റിലാണ് അന്ന് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ ഇടതുമുന്നണിയെ തള്ളി കോണ്‍ഗ്രസ് ഭരണത്തിന് പിന്തുണ നല്‍കിയ ചരിത്രമാണ് ലില്ലിക്കുള്ളത്. പിന്നീടെല്ലാം കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുടങ്ങിയവ അലങ്കരിച്ച ലില്ലി രാജു ഇത്തവണ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥി റാണി ടെല്ലസിനെതിരെ പാലിയേക്കര 21ാം വാര്‍ഡില്‍നിന്നാണ് മത്സരിക്കുന്നത്. ഒന്നാം വാര്‍ഡായ ചാക്കരപ്പറമ്പ് ജനറല്‍ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥി റെജി മാത്യുവിനെതിരെ രംഗത്തുള്ള എല്‍സി ദേവസിയാണ് മറ്റൊരു വിമത. 2010ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുമുന്നണിയുടെ കുത്തക തകര്‍ത്ത കൗണ്‍സിലറാണ് എല്‍സി ദേവസി. വാര്‍ഡില്‍ 2.76 കോടിയുടെ വികസനം നടപ്പാക്കാന്‍ സാധിക്കുകയും അതിന്‍െറ പ്രയോജനം നഗരവാസികള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി തനിക്ക് പാര്‍ട്ടി അവസരം നല്‍കാതിരുന്നതാണ് മത്സര രംഗത്ത് നിലയുറപ്പിക്കാന്‍ ഇടയാക്കിയതെന്ന് എല്‍സി പറയുന്നു. പാര്‍ട്ടിയുടെ വാര്‍ഡ് കമ്മിറ്റിയില്‍നിന്ന് 20 പേരും താനുള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ ശിപാര്‍ശ നല്‍കിയത്. എന്നാല്‍ അത് അവഗണിക്കുകയായിരുന്നുവെന്നാണ് എല്‍സിയുടെ വാദം. 2005 മുതല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയം ഉറപ്പാക്കുന്ന മറ്റൊരു സ്ഥാനാര്‍ഥിയാണ് വില്‍സണ്‍ മുണ്ടാടന്‍. 18ാം വാര്‍ഡായ ഇ-കോളനിയില്‍ നിന്നാണ് വില്‍സണ്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യ വിജയത്തില്‍ ആകെയുള്ള 27 വാര്‍ഡില്‍ ഇരുമുന്നണികള്‍ക്കും 13 സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിന് തുണയായത് വില്‍സണ്‍ മുണ്ടാടന്‍െറ പിന്തുണയായിരുന്നു. 2010ലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ തുണയായത് വില്‍സന്‍െറ നിലപാടായിരുന്നുവെങ്കിലും അധികം വൈകാതെ കോണ്‍ഗ്രസിനും ഭരണത്തിനും വില്‍സണ്‍ അനഭിമതനായി മാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.