പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

ആലുവ: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പ്രതികളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി വില്ളേജ് ചേറങ്ങനാല്‍ പരുത്തേലി വീട്ടില്‍ രാജന്‍ (33), നീലീശ്വരം വില്ളേജ് നടുവട്ടം പള്ളിയാന്‍ വീട്ടില്‍ ജിജോ (28) എന്നിവരെയാണ് ആലുവ സി.ഐ ടി.ബി വിജയനും സംഘവും അറസ്റ്റ് ചെയ്തത്. എടത്തല നാലാമൈല്‍ ഭാഗത്തെ കപ്പേളയുടെ എതിര്‍വശത്ത് മമ്മദ് എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് മോഷണം നടന്നത്. സെപ്റ്റംബര്‍ 13നാണ് സംഭവമുണ്ടായത്. ഇവിടെ വാടകക്ക് താമസിക്കുന്ന ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആല്‍ബിന്‍ ജോസഫിന്‍െറ ഭാര്യയുടെ 13 പവന്‍ തൂക്കം വരുന്നതും 2,50,000 രൂപ വിലവരുന്നതുമായ സ്വര്‍ണാഭരണങ്ങളും കൂട്ടുകാരന്‍ ബാബു ജയിംസിന്‍െറ മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. ഐ.എസ്.ആര്‍.ഒയിലെ താല്‍ക്കാലിക ജീവനക്കാരനായ ആല്‍ബിനും കൂട്ടുകാരുമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവദിവസം ആല്‍ബിനും കൂട്ടുക്കാരും ഊണ് കഴിക്കാന്‍ പോയ തക്കത്തിനാണ് പ്രതികള്‍ മോഷണം നടത്തിയത്. അടുത്ത വീടുകളിലെ വാടകക്കാരായ ഇതരസംസ്ഥാനക്കാരും സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് ഇവര്‍ മുറിയില്‍ പ്രവേശിച്ച് മോഷണം നടത്തിയത്. ഈയിടെ വിവാഹിതനായ ആല്‍ബിന്‍െറ ഭാര്യ നഴ്സാണ്. ഇവര്‍ ഡ്യൂട്ടിക്ക് പോയപ്പോള്‍ ഊരി സൂക്ഷിച്ചുവെച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണം നടന്നതിനെ തുടര്‍ന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഈ രീതിയില്‍ മോഷണം നടത്തുന്ന, സമീപകാലത്ത് ജയിലില്‍ നിന്നിറങ്ങിയ പ്രതികളെക്കുറിച്ച് സൈബര്‍ സെല്‍ വഴി അന്വേഷണം നടത്തിയപ്പോഴാണ് പ്രതികളെക്കുറിച്ച സൂചന ലഭിച്ചത്. തുടര്‍ന്ന് രണ്ടാം പ്രതിയെ മഞ്ഞപ്രയില്‍നിന്നും ഒന്നാം പ്രതിയെ കോട്ടപ്പടിയില്‍നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണമുതലുകളെക്കുറിച്ച് വിവരം ലഭിച്ചത്. പകല്‍ പണി നടക്കുന്ന വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പണിക്കാരുടെ പഴ്സും മൊബൈല്‍ ഫോണും കവരുന്നതാണ് ഈ മോഷ്ടാക്കളുടെ രീതി. ഒന്നാം പ്രതി രാജനെതിരെ ഈ രീതിയില്‍ അങ്കമാലി, കാലടി, ആലുവ, കോതമംഗലം, കുറുപ്പംപടി, എറണാകുളം സെന്‍ട്രല്‍, ആലുവ വെസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷന്‍പരിധികളില്‍ ഈ രീതിയില്‍ മോഷണം നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം ആര്‍ഭാട ജീവിതത്തിനും സ്ത്രീകള്‍ക്കുമായാണ് വിനിയോഗിച്ചിരുന്നത്. മോഷണമുതല്‍ പെരുമ്പാവൂര്‍ ഭാഗത്തെ ജ്വല്ലറികളില്‍ വിറ്റതായാണ് പൊലീസിന് ലഭിച്ച വിവരം. കളവുപോയ മൊബൈല്‍ ഫോണ്‍ രണ്ടാം പ്രതിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തില്‍ എ.എസ്.ഐ ഇബ്രാഹിംകുട്ടി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരി കുമാര്‍, സിജന്‍ ബിജു, മനോജ് എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.