പക്ഷി ഭൂപട ജില്ലയായി ആലപ്പുഴ മാറുന്നു

ചെങ്ങന്നൂര്‍: പക്ഷി ഭൂപട ജില്ലയായി ആലപ്പുഴ മാറുന്നു. ഒരു പ്രദേശത്തെ പക്ഷികളുടെ എണ്ണം, വ്യാപനം എന്നിവയെക്കുറിച്ച് ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന പ്രക്രിയയാണിത്. ഇന്ത്യയില്‍ ആദ്യമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ല ആലപ്പുഴയാണെന്ന് അതിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. തൃശൂര്‍ ഫോറസ്ട്രി കോളജിലെ വന്യജീവി പഠനവിഭാഗം തലവന്‍ ഡോ. പി.ഒ. നമീര്‍, പക്ഷി നിരീക്ഷകനായ പ്രവീണ്‍ ജയദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 16നാണ് തുടങ്ങിയത്. ജില്ലയെ 1.1 കിലോമീറ്റര്‍ ഉള്ള സബ് സെല്ലുകളായി തിരിച്ചതില്‍ നിന്നും റാന്‍ഡം സെലക്ഷനിലൂടെ കണ്ടത്തെിയ 135 സബ് സെല്ലുകളിലായി വിവരശേഖരണം നടത്തി ഓരോ സബ് സെല്ലിലും രണ്ട്-അഞ്ച് പേരടങ്ങുന്ന പക്ഷി നിരീക്ഷക സംഘം ഒരു മണിക്കൂര്‍ ചെലവഴിച്ച് എല്ലാ ആവാസ വ്യവസ്ഥകളിലുമുള്ള പക്ഷികളുടെ ഇനങ്ങളും എണ്ണവും രേഖപ്പെടുത്തുകയായിരുന്നു. ഒന്നാംഘട്ടമായി ദേശാടന പക്ഷികളില്ലാത്ത ജൂലൈ 16 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ പൂര്‍ത്തീയാക്കിയത്. രണ്ടാംഘട്ടം അടുത്ത ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ ദേശാടന പക്ഷികളുള്ള കാലയളവില്‍ നടത്തും. ജില്ലാ കോഓഡിനേറ്റര്‍മാരായ ഹരികുമാര്‍ മാന്നാര്‍, നിധീഷ്കുമാര്‍, ജി. ജയകൃഷ്ണന്‍, വിപിന്‍ വി. നാഥ്, സജിത്ത് മാന്നാര്‍, എഴുപുന്ന ബേഡേഴ്സ് ടീമംഗങ്ങളായ അഭിജിത്ത്, രഞ്ചു, പി.ബി. സുമേഷ്, വൈശാഖ് എന്നിവരാണ് പങ്കെടുത്തത്. പക്ഷി ഭൂപട നിര്‍മാണത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി പക്ഷിനിരീക്ഷകനും കോട്ടയം നേച്വര്‍ സൊസൈറ്റി പ്രസിഡന്‍റുമായ ഡോ. ശ്രീകുമാറും പ്രായം കുറഞ്ഞയാള്‍ തിരുവല്ല സെന്‍റ് മേരീസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ ദേവി അംബികയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.