മുഹമ്മദ് ഷെഫിയെ തേടി സ്കൂള്‍ വീട്ടിലത്തെി

തൃക്കുന്നപ്പുഴ: വൈകല്യംമൂലം സ്കൂളില്‍ എത്താന്‍ കഴിയാത്ത മുഹമ്മദ് ഷെഫിയുടെ അടുത്തേക്ക് സ്കൂളത്തെി. തൃക്കുന്നപ്പുഴ പപ്പന്‍മുക്ക് മുട്ടത്തുപറമ്പില്‍ കാസിം-ആരിഫ ദമ്പതികളുടെ ഓട്ടിസം ബാധിച്ച ഇളയമകന്‍ തൃക്കുന്നപ്പുഴ ഗവ. എല്‍.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഷെഫിയെ കാണാനാണ് ക്ളാസിലെ മുഴുവന്‍ കൂട്ടുകാരും അധ്യാപകരും വീട്ടിലത്തെിയത്. ക്ളാസില്‍ അധ്യാപകന്‍ പേര് വിളിക്കുമ്പോള്‍ ഇന്നുവരെ ഹാജര്‍ പറയാന്‍ ക്ളാസ്മുറിയില്‍ എത്താത്ത സഹപാഠിയെ തേടിയാണ് കുട്ടികള്‍ മുഹമ്മദ് ഷെഫിയുടെ വീട്ടിലത്തെിയത്. രോഗബാധിതനായതിനാല്‍ ഇതുവരെ സ്കൂളില്‍ എത്താത്ത കൂട്ടുകാരനെ കാണാനുള്ള കുട്ടികളുടെ ആഗ്രഹപൂര്‍ത്തീകരണം കൂടിയായി കഴിഞ്ഞദിവസത്തെ സന്ദര്‍ശനം. വീട്ടുമുറ്റത്ത് ക്ളാസ്റൂം ഒരുക്കി മുഹമ്മദ് ഷെഫിയെ സഹപാഠികളോടൊപ്പം ഇരുത്തി അധ്യാപകര്‍ ക്ളാസെടുത്തു. രാവിലെ 10ന് കൂട്ടമണിയടിയോടെ ആയിരുന്നു ക്ളാസിന്‍െറ ആരംഭം. അപ്രതീക്ഷിതമായി മണിയടി ശബ്ദംകേട്ട് നാട്ടുകാര്‍ അമ്പരന്നു. ഈശ്വരപ്രാര്‍ഥനയും അസംബ്ളിയും ഷെഫിക്കുവേണ്ടി കൂട്ടുകാര്‍ അവതരിപ്പിച്ചു. അധ്യാപകരായ നസീമ, മുഹമ്മദ് ഷാഫി, സ്വപ്ന എന്നിവര്‍ ക്ളാസെടുത്തു. സ്കൂളില്‍ തയാറാക്കി കൊണ്ടുവന്ന മുട്ടബിരിയാണി ഷെഫിക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നാടന്‍പാട്ട് കലാകാരന്‍ ശ്രീരാജിന്‍െറ നാടന്‍പാട്ട് പരിപാടിക്ക് കൊഴുപ്പേകി. ദേശീയഗാനാലാപനത്തോടെയാണ് ക്ളാസുകള്‍ സമാപിച്ചത്. യോഗത്തില്‍ എസ്.എം.സി ചെയര്‍മാന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹാരിസ് അണ്ടോളില്‍, ബ്ളോക് പഞ്ചായത്തംഗം റീന, പഞ്ചായത്തംഗങ്ങളായ ജയന്തി, സിന്ധു, സുധീഷ്, ഷീജ, ഹെഡ്മിസ്ട്രസ് ശ്രീദേവി, കാര്‍ത്തികപ്പള്ളി സത്യശീലന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം.സി വൈസ് ചെയര്‍മാന്‍ സുധിലാല്‍ തൃക്കുന്നപ്പുഴ, അംഗങ്ങളായ വിമല്‍, ഓമനക്കുട്ടന്‍, വിനോദ്, സലാഹുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടുകാരുടെയും അയല്‍ക്കാരുടെയും പങ്കാളിത്തംകൊണ്ടും പരിപാടി ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.