കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം

ചാരുംമൂട്: കോണ്‍ഗ്രസ് നിയോജക മണ്ഡലം യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം. എസ്.എന്‍.ഡി.പി-ബി.ജെ.പി മുന്നണിക്കുണ്ടായ മുന്നേറ്റം ബാധിച്ചത് യു.ഡി.എഫിനെയാണെന്ന് യോഗം വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും റെബല്‍ സ്ഥാനാര്‍ഥികളും ഗ്രൂപ് പ്രവര്‍ത്തനവും പരാജയത്തിന് കാരണമായതായും വിലയിരുത്തി. ചാരുംമൂട്ടില്‍ ബുധനാഴ്ച നടന്ന മാവേലിക്കര നിയമസഭാ മണ്ഡലം നേതൃയോഗത്തിലാണ് മണ്ഡലം പ്രസിഡന്‍റുമാര്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തത്തെിയത്. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, വൈസ് പ്രസിഡന്‍റ് കോശി എം. കോശി എന്നിവരടക്കം നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രാദേശികതലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വിഷയങ്ങള്‍ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ജില്ലാനേതൃത്വത്തെ അറിയിച്ചിട്ടും ഗൗരവത്തിലെടുത്തില്ളെന്നും ബി.ജെ.പി-എസ്.എന്‍.ഡി.പി മുന്നണിയുടെ മുന്നേറ്റം നേതൃത്വത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ളെന്നും വിമര്‍ശമുയര്‍ന്നു. ബി.ജെ.പി-എസ്.എന്‍.ഡി.പി മുന്നണിക്കുണ്ടായ മുന്നേറ്റം എല്‍.ഡി.എഫിനേക്കാള്‍ ദോഷംചെയ്തത് കോണ്‍ഗ്രസിനും യു.ഡി.എഫിനുമാണെന്ന് യോഗം വിലയിരുത്തി. മാവേലിക്കര നഗരസഭയിലെ കനത്ത പരാജയത്തിന് കാരണം റെബല്‍ ശല്യവും ഗ്രൂപ്പിസവുമാണ്. താമരക്കുളത്ത് നേതാക്കള്‍ മത്സരിക്കാതെ മാറിനിന്നതും കഴിഞ്ഞ ഭരണകാലയളവില്‍ പ്രസിഡന്‍റുമാര്‍ മാറിമാറി വന്നതും പരാജയത്തിന് കാരണമായി. ഇവിടെ ചില നേതാക്കളുടെ നേതൃത്വത്തില്‍തന്നെ വിമത സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചതും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ചകളും തിരിച്ചടിയായി. വള്ളികുന്നത്ത് യു.ഡി.എഫില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമടക്കം ദയനീയമായി പരാജയപ്പെട്ടത് വിമര്‍ശത്തിനിടയാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചിലരുടെ ഏകാധിപത്യ നിലപാടും ചിലര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതും ശരിയായില്ല. ഇവിടെനിന്നുള്ള കെ.പി.സി.സി ഭാരവാഹിക്കെതിരെയും ആക്ഷേപമുയര്‍ന്നു. ചുനക്കരയില്‍ നേതാക്കളുടെ ഭിന്നതയും പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലാത്തതും പരാജയത്തിന് കാരണമായി. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാകപ്പിഴകള്‍ നേതൃത്വം ശ്രദ്ധിച്ചതുമില്ല. യോഗത്തില്‍ ചുനക്കര മണ്ഡലം പ്രസിഡന്‍റ് പങ്കെടുക്കാതിരുന്നത് പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. ഇദ്ദേഹത്തിനെതിരെ നടപടിക്ക് സാധ്യതയുള്ളതായി അറിയുന്നു. മാവേലിക്കര ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് കല്ലുമല രാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ഇ. സമീര്‍, നൂറനാട് ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് ജി. വേണു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.