ആലപ്പുഴ: കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതായും 715 പേര്‍ രോഗബാധിതരാണെന്നും കണക്കുകള്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. പാടശേഖരത്തില്‍ തളിച്ച കീടനാശിനി നദികളില്‍ കലരുന്നതും കെട്ടിനില്‍ക്കുന്നതുമാണ് ഇതിന് കാരണമെന്നും തണ്ണീര്‍മുക്കം ബണ്ട് തുറന്നുവിട്ട് വെള്ളം ഇടക്കിടക്ക് ഒഴുക്കിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തെ കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി ബി. ബൈജു പിന്താങ്ങി. ജനുവരി മുതല്‍ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പ്രതിമാസ പുരോഗതി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് വിലയിരുത്തുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.ഡി.എം ടി.ആര്‍. ആസാദ് പറഞ്ഞു. ജനുവരിയിലെ ജില്ലാ വികസന സമിതി യോഗം മുതല്‍ പദ്ധതി നിര്‍വഹണ പുരോഗതി വെബ്സൈറ്റ് മുഖേനയാണ് വിലയിരുത്തുക. ഫണ്ട് ചെലവഴിക്കല്‍ വിവരങ്ങളുടെ ശതമാനവും തുകയും നേട്ടവും ഓണ്‍ലൈനിലൂടെ അറിയാം. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അമ്പലപ്പുഴ അര്‍ബര്‍ ഹെല്‍ത്ത് സെന്‍ററില്‍നിന്ന് ഡോക്ടറെ നിയമിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. തകഴി-എടത്വാ റോഡിന്‍െറ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിര്‍മാണം തുടങ്ങിയതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. മൈനര്‍ ഇറിഗേഷന്‍ തണ്ണീര്‍മുക്കം ഡിവിഷന് കീഴിലുള്ള ഓരുമുട്ടുകളുടെ നിര്‍മാണം ഈമാസം 31നകം പൂര്‍ത്തീകരിക്കുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. നെടുമുടി പൊങ്ങയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നെടുമുടി പഞ്ചായത്തിന് നല്‍കിയതായി ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു. പുന്നപ്ര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച ബസിന് ഡ്രൈവറെ അനുവദിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിന് കത്ത് നല്‍കിയതായി ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പറഞ്ഞു. കൈനകരി കോലത്തുജെട്ടിയില്‍ തോടിന് കുറുകെ വലിച്ചുപൊക്കി മാറ്റാവുന്ന പാലം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. നവംബര്‍ 30 വരെ എ.കെ. ആന്‍റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2005-16 കാലയളവില്‍ 25.01 കോടി രൂപയുടെ 126 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. 45 പദ്ധതികള്‍ പുരോഗമിക്കുന്നു. വയലാര്‍ രവി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-16 കാലയളവില്‍ 29.26 കോടി രൂപയുടെ 480 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 85 പദ്ധതികള്‍ പുരോഗമിക്കുന്നു.യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ പ്ളാനിങ് ഓഫിസര്‍ എസ്. സത്യപ്രകാശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.