പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചു; ദുരന്തബാധിതര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി അധികാരികള്‍

ആറാട്ടുപുഴ: സൂനാമി ദുരന്തത്തിന്‍െറ കൊടിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ആറാട്ടുപുഴ പഞ്ചായത്തിന്‍െറ പുനര്‍നിര്‍മാണത്തിന് ആവിഷ്കരിച്ച പദ്ധതികള്‍ ഏറെയും പതിറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. അഴിമതിയും കെടുകാര്യസ്ഥതയുമാണ് പദ്ധതികള്‍ ലക്ഷ്യത്തിലത്തൊതെ പോയതിനു കാരണം. യാഥാര്‍ഥ്യമായ പലപദ്ധതികളുടെയും പ്രയോജനം വേണ്ടരീതിയില്‍ ദുരന്ത ബാധിതര്‍ക്ക് ലഭിക്കുന്നുമില്ല. കോടികള്‍ ചെലവഴിച്ചതിനുശേഷം നോക്കുകുത്തിയായ പദ്ധതികള്‍ ദുരന്ത തീരത്തോട് അധികാരികള്‍ കാട്ടിയ വഞ്ചനയുടെ നേര്‍സാക്ഷ്യങ്ങളാകുന്നു. സൂനാമി പ്രത്യേക എസ്.ജി.ആര്‍.വൈ പദ്ധതിയില്‍പെടുത്തി ആറാട്ടുപുഴ പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ 19 റോഡുകള്‍ നിര്‍മിക്കുന്നതിന് 1.3 കോടി രൂപ അനുവദിച്ചിരുന്നു. മുതുകുളം ബ്ളോക് പഞ്ചായത്തിന്‍െറ പദ്ധതിയില്‍ പെടുത്തി ഏഴും ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടും റോഡുകളായിരുന്നു നിര്‍മിക്കേണ്ടിയിരുന്നത്. ജോലിക്ക് കൂലി ഭക്ഷണം എന്നതായിരുന്നു പദ്ധതിയുടെ നടത്തിപ്പുരീതി. ഇതുപ്രകാരം അനുവദിച്ച തുകയുടെ 40 ശതമാനം തുകക്കുള്ള ധാന്യം മുന്‍കൂറായി നല്‍കും. ഇങ്ങനെ ലഭിച്ച ധാന്യം ഇരട്ടിയിലധികം തുകക്ക് മറിച്ചുവിറ്റ് റോഡ് നിര്‍മാണം നടത്താതെ പണം മുഴുവന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് കീശയിലാക്കുകയായിരുന്നു. റോഡ് അഴിമതി ഏറെ വിവാദം സൃഷ്ടിക്കുകയും സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാണ്. വലിയഴീക്കല്‍ സ്കൂള്‍ കെട്ടിടം, ആറാട്ടുപുഴ മംഗലം സ്കൂള്‍ കെട്ടിടം, ആയുര്‍വേദ ആശുപത്രിയിലെ കിടത്തി ചികില്‍സാ കെട്ടിടം, ആറാട്ടുപുഴ പെരുമ്പള്ളിയിലെ ഐ.പി കെട്ടിടം, മത്സ്യവിജ്ഞാന കേന്ദ്രം, പെരുമ്പള്ളിയിലെ മത്സ്യ സംസ്കരണ ഫാക്ടറി, വട്ടച്ചാല്‍ ഭാഗത്ത് മത്സ്യഫെഡിന്‍െറ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന ഫിഷ്മീല്‍ പ്ളാന്‍റ്, വൃദ്ധസദനം, ഫിഷിങ് ഹാര്‍ബറിന്‍െറ വടക്കേ കരയിലെ ലേലഹാള്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍. ആറാട്ടുപുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സാ വാര്‍ഡാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം വൈകിയെങ്കിലും യാഥാര്‍ഥ്യമായത്. വട്ടച്ചാലുള്ള ഫിഷ് മീല്‍ പ്ളാന്‍റിന്‍െറ പണി അവസാന ഘട്ടത്തിലാണെന്നാണ് മത്സ്യഫെഡ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പെരുമപള്ളി കുറിയപ്പശേറി ക്ഷേത്രത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാവുകയും ഉദ്ഘാടനം നടത്തുകയും ചെയ്ത ക്ളസ്റ്റര്‍ പ്രൊഡക്ഷന്‍ യൂനിറ്റ് ഒരുദിവസം പോലും തുടര്‍ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഫാക്ടറിയില്‍ സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ എല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ അധികാരികള്‍ ഉപേക്ഷിച്ച മട്ടാണ്. സൂനാമിദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. ദുരന്തത്തില്‍ മരിച്ചവര്‍ എടുത്ത വായ്പപോലും ഇനിയും സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടില്ളെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. തിരിച്ചടക്കാന്‍ ഗതിയില്ലാത്ത തരയില്‍ കടവ് ഭാഗത്തെ കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. സൂനാമിയില്‍ സര്‍വതും നഷ്ടപ്പെട്ട് വഴിയാധാരമായ കച്ചവടക്കാര്‍ക്കും അധികാരികള്‍ കാട്ടിയ വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായ തീരത്തെ കച്ചവടക്കാര്‍ക്ക് ചില്ലി കാശ്പോലും അധികാരികള്‍ നല്‍കിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.