മാന്നാറില്‍ നബിദിന റാലിക്ക് ക്ഷേത്രനടയില്‍ വരവേല്‍പ്

ചെങ്ങന്നൂര്‍: മാന്നാറില്‍ മൂന്ന് മഹല്ലുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലിക്ക് മതസൗഹാര്‍ദത്തിന്‍െറ വിളനിലമായ ഗ്രാമത്തില്‍ ക്ഷേത്രനടയില്‍ ആവേശകരമായ വരവേല്‍പ് നല്‍കിയത് ജനങ്ങളില്‍ ഒരിക്കല്‍കൂടി ഐക്യത്തിന്‍െറ സന്ദേശം ഊട്ടിയുറപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ ചടങ്ങിന് മാന്നാര്‍ സാക്ഷിയാകുന്നത്. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഒരു ചുറ്റുവട്ടത്തുള്ള ടൗണില്‍ പുത്തന്‍പള്ളി ജുമാമസ്ജിദില്‍ 10 ദിവസമായി നടന്നുവന്ന മതപ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ഇത്തവണ സമീപപ്രദേശങ്ങളായ പാവുക്കര, ഇരമത്തൂര്‍ എന്നീ മഹല്ലുകളും ചേര്‍ന്നാണ് നബിദിനറാലി നടത്തിയത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത റാലി പുത്തന്‍പള്ളിയില്‍നിന്നാണ് ആരംഭിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ മേജര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്‍െറ പടിഞ്ഞാറേ ഗോപുരനടയില്‍ എത്തി. നിറപറയും നിലവിളക്കും മണ്‍ചെരാതുകളില്‍ തിരികള്‍ തെളിച്ചും ഉപദേശകസമിതി, മാഹാദേവ സേവാസമിതി ഭാരവാഹികളുടെ നേതൃത്വത്തിലെ ഭക്തജനങ്ങളും നാട്ടുകാരും കാത്തുനില്‍ക്കുകയായിരുന്നു. പഞ്ചവാദ്യങ്ങളുടെയും മറ്റും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇമാമുമാരെയും ജമാഅത്ത് ഭാരവാഹികളെയും ബൊക്കെ നല്‍കിയും ഷാള്‍ അണിയിച്ചുമാണ് വരവേറ്റത്. മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് ആര്‍. വെങ്കിടാചലം, കലാധരന്‍ പിള്ള, വിനോദ് കുമാര്‍ ചിറ്റക്കാട്ട്, വി.കെ. രാജു, വി.എന്‍. ദാസ്, ബെന്നി മുഞ്ഞനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണത്തിന് ജമാഅത്ത് പ്രസിഡന്‍റുമാരായ എന്‍.എ. സുബൈര്‍, എന്‍.പി. അബ്ദുല്‍ അസീസ്, സത്താര്‍കുഞ്ഞ്, ഇമാമുമാരായ എം.എ. മുഹമ്മദ് ഫൈസി, നാസിമുദ്ദീന്‍ അഹ്സനി അല്‍കാമില്‍ സഖാഫി, താഹാ മിസ്ബാഹി, ജമാഅത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ പി.എ. ഷാജഹാന്‍, സെക്രട്ടറി കെ.എ. അബ്ദുല്‍ അസീസ്, പി.എ. അസീസുകുഞ്ഞ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ടി.കെ. ഷാജഹാന്‍, കെ.എ. കരീം, ഷെഹീന്‍ ബാഖഫി, നിസാമുദ്ദീന്‍ നഈമി, പി.എച്ച്. മുഹമ്മദുകുഞ്ഞ്, എ.എ. അബ്ദുല്‍ കലാം, കെ.എ. സുലൈമാന്‍കുഞ്ഞ്, പി.പി. അബ്ദുറഹീം, അബ്ദുസ്സമദ് എന്നിവര്‍ നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.